ന്യൂഡല്‍ഹി: നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളെ പിടികൂടിയതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടന്‍ മുംബൈയിലേക്ക് കൊണ്ടുവരും. അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവാവിനെ തന്നെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്ന് പിടികൂടിയതെന്നാണ് വിവരം.
ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇക്കാര്യം ദുര്‍ഗിലെ ഇന്‍ചാര്‍ജായ സഞ്ജീവ് സിന്‍ഹ എഎന്‍ഐയോട് സ്ഥിരീകരിച്ചു. ആകാശ് കനോജിയ എന്ന യുവാവാണ് ദുര്‍ഗില്‍ കസ്റ്റഡിയിലുള്ളത്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതായി മുംബൈ പൊലീസില്‍ നിന്ന് വിവരം ലഭിച്ചിരുന്നതായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് സിന്‍ഹ പറഞ്ഞു. പ്രതിയുടെ ഫോട്ടോയും ടവര്‍ ലൊക്കേഷനും മുംബൈ പൊലീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജനറല്‍ കോച്ചില്‍ നിന്ന് പ്രതിയെ കണ്ടെത്തി. മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോള്‍ വഴി ബന്ധപ്പെടുകയും പ്രതിയെ സ്ഥിരീകരിക്കുകയും ചെയ്തു. മുംബൈ പൊലീസ് സംഘം ഉടന്‍ ദുര്‍ഗിലെത്തി കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യം ചെയ്യും.
രാജ്യമെമ്പാടും ചര്‍ച്ചയായ കേസിലെ പ്രതിയെ ഛത്തീസ്ഗഡില്‍ നിന്ന് പിടികൂടിയെന്ന വാര്‍ത്ത മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും സ്ഥിരീകരിച്ചു. മുംബൈ പൊലീസെത്തിയാല്‍ പ്രതിയെ കൈമാറുമെന്ന് അദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. വീട്ടില്‍ മോഷണത്തിന് കയറിയ കള്ളനെ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. നടന്റെ ഇളയ മകന്‍ ഉറങ്ങിക്കിടന്ന റൂമിലേക്ക് പ്രവേശിച്ച കള്ളനെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം കണ്ടത്. തുടര്‍ന്നുണ്ടായ ബഹളത്തിന് പിന്നാലെ സെയ്ഫ് ഓടിവരികയും കള്ളനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
കഴുത്തിലും കൈയിലും നട്ടെല്ലിലും ആഴത്തില്‍ മുറിവേറ്റ സെയ്ഫ് അലി ഖാനെ അര്‍ദ്ധരാത്രി ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയകള്‍ക്ക് ശേഷം ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന നടന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.