തിരുവനന്തപുരം: കാമുകനെ വിഷക്കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ പ്രതി ഗ്രീഷ്മയ്ക്ക് കാര്യമായ ഭാവഭേദമൊന്നുമുണ്ടായില്ല. പ്രതികരണമില്ലാതെ ഗ്രീഷ്മ കോടതി മുറിയില്‍ നിന്നു.
തുടക്കത്തില്‍ ഗ്രീഷ്മയുടെ കണ്ണുകള്‍ നനഞ്ഞെങ്കിലും പിന്നീട് നിര്‍വികാരയാവുകയായിരുന്നു. ഒടുവില്‍ മകന്റെ മരണത്തില്‍ നീതി ലഭിച്ചപ്പോള്‍ ഷാരോണിന്റെ അമ്മയും കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടികരഞ്ഞു.
ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങള്‍ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമര്‍ത്ഥമായ കൊലപാതകമാണ് നടത്തിയതെന്നും യാതൊരു വിധ ഇളവും അര്‍ഹിക്കുന്നില്ലെന്നും വിധി പ്രസ്താവത്തില്‍ ചൂണ്ടികാട്ടി. 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തൂക്കുകയര്‍ വിധിച്ചത്.
ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോണ്‍ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചു നില്‍ക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടികാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.