അമേരിക്കയിൽ ഇനി ട്രംപ് യു​ഗം; ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്

അമേരിക്കയിൽ ഇനി ട്രംപ് യു​ഗം; ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണൾഡ് ജോൺ ട്രംപ് വിശുദ്ധ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ബൈബിളിൽ കൈവച്ച് 35 വാക്കുകളുള്ള സത്യവാചകം ട്രംപ് ചൊല്ലി. ചീഫ് ജസ്‌റ്റിസ് ജോൺ റോബർട്ട്സാണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്.

പ്രശസ്ത ഗായകൻ ക്രിസ്റ്റഫർ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഗാനാലാപനത്തിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമല ഹാരിസും അടക്കം രാജ്യത്തെ പ്രധാന വ്യക്തികൾ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഒന്നൊന്നായി എത്തി. 

ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ദൈവമേ എന്നെ സഹായിക്കണേ എന്ന പ്രാർത്ഥനയോടെയാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. 

സത്യപ്രതിജ്ഞയ്ക്ക് പ്രാരംഭമായി നടന്ന പ്രാർത്ഥനയ്ക്ക് ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകി. 164 വർഷം പഴക്കമുള്ള ദേശീയഗാനം ആലപിച്ചതോടെ ചടങ്ങുകൾ അവസാനിച്ചു.


ജെ.ഡി വാൻസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചൊല്ലുന്നു

ചടങ്ങിന് മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും ഉൾപ്പെടെയുള്ളവർ വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്നാണ് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ദേവാലയത്തിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്.

ട്രംപ് സത്യപ്രതിജ്ഞക്ക് ഉപയോ​ഗിച്ച ഓരോ ബൈബിളിനും വ്യക്തിപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. ഒരു ബൈബിൾ എബ്രഹാം ലിങ്കൺ ഉപയോഗിച്ചതും മറ്റൊന്ന് അമ്മയുടേതുമാണ്. ഒമ്പതാം വയസിൽ സൺഡേ സ്കൂളിൽ നിന്ന് ബിരുദം നേടിയപ്പോൾ 1955-ൽ അദേഹത്തിൻ്റെ അമ്മ മേരി ആനി മക്ലിയോഡ് സമ്മാനിച്ചതാണ് ആദ്യ ബൈബിൾ. ഇത് വിശ്വാസത്തോടുള്ള ട്രംപിൻ്റെ വ്യക്തിപരവും കുടുംബപരവുമായ ബന്ധത്തെ അടയാളപ്പെടുത്തുന്നു. ഈ ബൈബിളിൽ അദേഹത്തിൻ്റെ പേര് അതിൻ്റെ കവറിൽ എഴുതുകയും അകത്ത് പള്ളി വികാരി ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

ലിങ്കൺ ബൈബിൾ എന്നറിയപ്പെടുന്ന രണ്ടാമത്തെ ബൈബിളിന് അമേരിക്കൻ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. 1861 ൽ എബ്രഹാം ലിങ്കൻ്റെ സത്യപ്രതിജ്ഞാ വേളയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. അതിന് ശേഷം ബറാക് ഒബാമ ഉൾപ്പെടെയുള്ള നിരവധി പ്രസിഡൻ്റുമാർ ഇത് ഉപയോഗിച്ചു. ട്രംപിന്റെ രണ്ട് സത്യപ്രതിജ്ഞയ്ക്കും ഇത് ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അമേരിക്കയിലെ ഏറ്റവും വിഭജിത കാലഘട്ടങ്ങളിലൊന്നിൽ ലിങ്കൺ പ്രതിനിധാനം ചെയ്ത ഐക്യത്തിൻ്റെയും നേതൃത്വത്തിൻ്റെയും ആദർശങ്ങളെ സൂചിപ്പിക്കാൻ ലിങ്കൺ ബൈബിൾ ഉപയോഗിക്കുന്നു.

സത്യപ്രതിജ്ഞയ്ക്ക് ഏതെങ്കിലും മതഗ്രന്ഥം ഉപയോഗിക്കണമെന്ന് അമേരിക്കൻ ഭരണഘടന നിർബന്ധിക്കുന്നില്ലെങ്കിലും ഈ നിമിഷത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രസിഡൻ്റുമാർ ചരിത്രപരമായി ബൈബിളിൽ സത്യപ്രതിജ്ഞ ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.