ന്യൂയോര്ക്ക്: അമേരിക്കയില്‍ ഇനി മുതല്‍ ആണും പെണ്ണും മാത്രമേ ഉള്ളുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ ലിംഗ വൈവിധ്യം അവസാനിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് അദേഹം ഒപ്പിട്ടത്. അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്നും അത് ആണും പെണ്ണും മാത്രമായിരിക്കുമെന്നും അദേഹം പ്രഖ്യാപിച്ചു.
അടുത്ത കാലത്തായി യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ തര്‍ക്കമായ ഒരു രാഷ്ട്രീയ വിഷയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ കായികരംഗത്ത് പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് നിരവധി റിപ്പബ്ലിക്കന്‍മാര്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
എല്ലാ പുരുഷന്മാരെയും സ്ത്രീകളുടെ കായികരംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ താന്‍ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നടന്ന ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ലിംഗഭേദം സ്ഥിരീകരിക്കുന്ന പ്രത്യേക പരിചരണം നിയന്ത്രിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
എക്‌സിക്യൂട്ടീവ് ഉത്തരവുകളുടെ ഭാഗമായി ലിംഗ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് ഫെഡറല്‍ ഫണ്ടുകള്‍ ഉപയോഗിക്കില്ലെന്ന് ട്രംപിന്റെ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റായ തന്റെ ആദ്യ ടേമില്‍, ഡൊണാള്‍ഡ് ട്രംപ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സൈനികര്‍ക്ക് നിരോധനം പ്രഖ്യാപിക്കുകയും ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും 2021 ല്‍ അധികാരമേറ്റ ശേഷം ജോ ബൈഡന്‍ ഈ നയം മാറ്റിമറിച്ചു.
എക്സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍, പാസ്പോര്‍ട്ടുകള്‍ പോലെയുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ക്ക് ജൈവിക യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലിംഗഭേദം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ടാകൂവെന്നും സ്വയം വിലയിരുത്തിയ ലിംഗ ഐഡന്റിറ്റിയല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വൈവിധ്യം, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകള്‍ വെട്ടിക്കുറയ്ക്കുന്നത് തുല്യ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്ന് വാദിക്കുന്ന സിവില്‍, മനുഷ്യാവകാശ അഭിഭാഷകരില്‍ നിന്ന് ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.