ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളോട് സ്വയം കണ്ടെത്താന്‍ സര്‍ക്കാരിന്റെ നിര്‍ദേശം

ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളോട് സ്വയം കണ്ടെത്താന്‍ സര്‍ക്കാരിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടത്താന്‍ സര്‍ക്കാരിന് പണമില്ല. മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താന്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ പിഡി അക്കൗണ്ടില്‍ നിന്ന് പണം എടുക്കാന്‍ ആണ് നിര്‍ദേശം.

പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പണമില്ലെന്നാണ് വിശദീകരണം. ഫണ്ട് ഡയറക്ടറേറ്റില്‍ നിന്ന് അനുവദിക്കുന്ന മുറയ്ക്ക് പിഡി അക്കൗണ്ടില്‍ തിരിച്ചടച്ചാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ മറ്റു ചെലവിന് വേണ്ടിയുള്ള പണമാണ് പിഡി അക്കൗണ്ടില്‍ ഉള്ളത്.

പരീക്ഷാ നടത്തിപ്പിനുള്ള പണം വക മാറ്റി ചെലവഴിച്ചതാണ് പ്രതിസന്ധിക്ക് കാരണം എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പരീക്ഷകള്‍ നടത്തുന്നതിനുള്ള പണം നേരത്തെ തന്നെ സ്‌കൂളുകള്‍ക്ക് അനുവദിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞ് തുക അധികമുണ്ടെങ്കില്‍ മടക്കി നല്‍കിയാല്‍ മതി.

എന്നാല്‍ ഇക്കുറി അങ്ങനെയല്ല. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും ഇംപ്രൂവ്‌മെന്റ് പരീക്ഷയും നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. പരീക്ഷ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ട് കാലിയായതാണ് കാരണം.

അതിനാലാണ് സ്‌കൂളുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിട്ടുള്ള പിഡി അക്കൗണ്ടുകളില്‍ നിന്ന് പണമെടുത്ത് പരീക്ഷ നടത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊതു പരീക്ഷകള്‍ക്കായി കുട്ടികളില്‍ നിന്നും സര്‍ക്കാര്‍ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം എത്തുന്നതാകട്ടെ ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലും. എന്നിട്ടും പണമില്ല എന്നു പറയുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.