അധ്യാപക സമരം: സ്‌കൂളിന് അവധി നല്‍കിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

 അധ്യാപക സമരം: സ്‌കൂളിന് അവധി നല്‍കിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗവ.എല്‍.പി സ്‌കൂളിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പ്രധാന അധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇന്നത്തെ അധ്യാപകരുടെ പണിമുടക്കിനെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചിട്ടിരുന്നത്. പ്രഥമാധ്യാപകനായ ജിനില്‍ ജോസിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ശമ്പളപരിഷ്‌കരണം അനുവദിക്കുക, ഡിഎ കുടിശിക തന്നുതീര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ സംഘടനകളുടെയും സിപിഐയുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയത്.

ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച വട്ടിയൂര്‍ക്കാവ് എല്‍പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ വാട്സാപ്പ് സന്ദേശമിട്ടത്. തുടര്‍ന്ന് ബുധനാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോള്‍ സ്‌കൂള്‍ പൂട്ടിക്കിടക്കുന്നത് കാണുകയും റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. നോര്‍ത്ത് എഇഒയുടെ നേതൃത്വത്തില്‍ എത്തിയാണ് സ്‌കൂള്‍ തുറന്നത്.

സ്‌കൂളിന് ഇന്ന് അവധി നല്‍കി അധ്യാപകര്‍ സമരത്തിന് പോയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇന്ന് ക്ലാസ് ഉണ്ടാവില്ലയെന്ന് വാട്‌സാപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ രക്ഷകര്‍ത്താക്കളെ അധ്യാപകര്‍ അറിയിക്കുകയായിരുന്നു. അധ്യാപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്നായിരുന്നു വാട്‌സാപ്പ് സന്ദേശം. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് ഇന്ന് പണിമുടക്ക് നടത്തിയത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.