'മദ്യ അഴിമതിയുടെ സൂത്രധാരന്‍; ചില്ലുമേടയിലെ താമസക്കാരന്‍': കെജരിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'മദ്യ അഴിമതിയുടെ സൂത്രധാരന്‍; ചില്ലുമേടയിലെ താമസക്കാരന്‍': കെജരിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

മദ്യ അഴിമതിയുടെ സൂത്രധാരനാണ് കെജരിവാളെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി അദേഹം താമസിക്കുന്നത് ചില്ലുമേടയിലാണെന്നും ആക്ഷേപിച്ചു. ഡല്‍ഹിയിലെ പടപഡ് ഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

പുതിയ രാഷ്ട്രീയം അവതരിപ്പിക്കുമെന്നും ഡല്‍ഹിയെ മാറ്റുമെന്നുമായിരുന്നു കെജരിവാളിന്റെ പ്രഖ്യാപനം. എന്നാല്‍ ഡല്‍ഹിയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അദേഹത്തെ ആവശ്യമായി വന്നപ്പോള്‍ എവിടെയും കാണാനില്ലായിരുന്നു.

2020 ല്‍ ഡല്‍ഹിയില്‍ അക്രമം നടന്നപ്പോഴും അദേഹത്തെ എവിടെയും കണ്ടില്ല. ശുദ്ധമായ രാഷ്ട്രീയത്തെക്കുറിച്ചാണ് കെജരിവാള്‍ സംസാരിച്ചത്. എന്നാല്‍ ഏറ്റവും വലിയ മദ്യ അഴിമതി നടന്നത് ഡല്‍ഹിയിലാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

കെജരിവാളിനെതിരെ ബിജെപി ഉന്നയിച്ച 'ശീഷ്മഹല്‍' (ചില്ലുമേട) വിവാദത്തെയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചു. കെജരിവാള്‍ ശീഷ്മഹലിലാണ് താമസിക്കുന്നതെന്ന് അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ബംഗ്ലാവ് നവീകരിക്കാന്‍ എഎപി 45 കോടി രൂപ ചെലവഴിച്ചെന്ന ബിജെപിയുടെ ആരോപണങ്ങളെ പിന്തുണക്കുന്നതായിരുന്നു രാഹുലിന്റെ ആരോപണം.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തനിയെ മത്സരിക്കാന്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചതോടെ പരസ്പര വാക്‌പോരും ആരംഭിച്ചു.

രാജ്യത്തെ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പട്ടികയില്‍ മോഡിക്കും അമിത് ഷായ്ക്കുമൊപ്പം രാഹുല്‍ ഗാന്ധിയെയും ഉള്‍പ്പെടുത്തി എഎപി പ്രചാരണം കൊഴുപ്പിച്ചിരുന്നു. കോണ്‍ഗ്രസ് എഎപി ബന്ധം കൂടുതല്‍ വഷളാകുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നുക്കൊണ്ടിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.