അനധികൃത കുടിയേറ്റം: ഇന്ത്യന്‍ കുടിയേറ്റക്കാരെയും ട്രംപ് നാടുകടത്തി തുടങ്ങി; ആദ്യ വിമാനം പുറപ്പെട്ടതായി റിപ്പോര്‍ട്ട്

അനധികൃത കുടിയേറ്റം: ഇന്ത്യന്‍ കുടിയേറ്റക്കാരെയും ട്രംപ് നാടുകടത്തി തുടങ്ങി; ആദ്യ വിമാനം പുറപ്പെട്ടതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: മതിയായ രേഖകളില്ലാതെ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്ക മടക്കി അയച്ചു തുടങ്ങി. ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ആദ്യസൈനിക വിമാനം സി-17 തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് ആദ്യ വിമാനം ഇന്ത്യയിലേക്ക് പറന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടെ സി-17 വിമാനം 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

താന്‍ അധികാരത്തിലേറിയ ഉടന്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. നാടുകടത്തലിനായി ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരുടെ ഒരു പ്രാരംഭ പട്ടിക യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) തയ്യാറാക്കിയിയിരുന്നു. എങ്കിലും നിലവില്‍ പുറപ്പെട്ട്ു എന്ന് പറയുന്ന വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരിക്കുമെന്നതും വ്യക്തമല്ല.

പ്യൂ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാര്‍ യു.എസില്‍ താമസിക്കുന്നുണ്ട്. മെക്‌സിക്കോക്കും എല്‍ സാല്‍വഡോറിനും ശേഷം അമേരിക്കയില്‍ ഏറ്റവും അധികമുള്ളത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്.

കഴിഞ്ഞ മാസം യു.എസില്‍ നിന്നുള്ള രേഖകളില്ലാത്ത ഇന്ത്യക്കാരെ രാജ്യത്തേക്ക് നിയമാനുസൃതമായി തിരികെ കൊണ്ടുവരാന്‍ എപ്പോഴും തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. യു.എസില്‍ നിന്ന് നാടുകടത്തപ്പെടുന്ന വ്യക്തികളുടെ എണ്ണം ഇതുവരെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. തങ്ങളുടെ പൗരന്മാരില്‍ ആരെങ്കിലും നിയമവിരുദ്ധമായി അവിടെയുണ്ടെങ്കില്‍, അവര്‍ തങ്ങളുടെ പൗരന്മാരാണെന്ന് ഉറപ്പുവരുത്തി അവരുടെ നിയമാനുസൃതമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.

ടെക്‌സസിലെ എല്‍ പാസോയിലും കാലിഫോര്‍ണിയയിലെ സാന്‍ ഡീയാഗോയിലും യു.എസ് അധികാരികള്‍ തടവിലാക്കിയിരിക്കുന്ന 5000 ത്തിലധികം കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള വിമാനങ്ങളും പെന്റഗണ്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരുമായി വിമാനങ്ങള്‍ പറന്നിട്ടുണ്ട്.

കുടിയേറ്റക്കാരെ കൊണ്ടുപോകുന്നതിനുള്ള ചെലവേറിയ മാര്‍ഗമാണ് സൈനിക വിമാനങ്ങള്‍. കഴിഞ്ഞയാഴ്ച ഗ്വാട്ടിമാലയിലേക്ക് പറന്ന ഒരു സൈനിക വിമാനത്തില്‍ ഒരു കുടിയേറ്റക്കാരന് കുറഞ്ഞത് 4,675 ഡോളര്‍ എങ്കിലും ചെലവായിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.