ബീജിങ്: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് 2026 ല്‍ റോബോട്ടിക് ഫ്ളയര്‍ ഡിറ്റക്ടര്‍ അയയ്ക്കാനൊരുങ്ങി ചൈന. ചന്ദ്രനില്‍ വെള്ളമുണ്ടോ എന്ന് കണ്ടെത്താനും ചന്ദ്രനില്‍ മനുഷ്യ സാന്നിധ്യം ഉണ്ടാകുമ്പോള്‍ ഭൂമിയില്‍ നിന്നും വെള്ളം കൊണ്ടു പോകുന്നതിന്റെ ചെലവ് കുറയ്ക്കാനും ആണ് ചൈനയുടെ ലക്ഷ്യം.
മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഉപഗ്രഹത്തെ എത്തിച്ച് പഠനം നടത്തിയ രാജ്യം ഇന്ത്യയാണ്. 2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍ 3 വിജയകരമായി ഇന്ത്യ പരീക്ഷിച്ചത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ മണ്ണും കല്ലും ശേഖരിച്ച് പഠിക്കാനാണ് ഇന്ത്യയുടെ ശ്രമം.
ഭാവിയില്‍ തങ്ങളുടെ ഗവേഷണ കേന്ദ്രം ചന്ദ്രനില്‍ സ്ഥാപിക്കുന്നതിന് ഈ റോബോട്ടിക് ഫ്ളയര്‍ ഡിറ്റക്ടര്‍ വലിയ പങ്കു വഹിക്കും എന്നാണ് ചൈന കരുതുന്നത്. ചൈനയുടെ ചാങ് ഇ 7 മിഷന്റെ ഭാഗമാണ് ഈ പറക്കും റോബോട്ട്. ഒന്നു വീതം ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, ലൂണാര്‍ റോവര്‍, ഒപ്പം റോബോട്ടിക് ഫ്ളയര്‍ ഡിറ്റക്ടര്‍ എന്നിവയാണ് ഈ മിഷനില്‍ ഉണ്ടാകുക.
'ചന്ദ്രനിലെ ജല സാന്നിധ്യം ഉറപ്പിക്കുന്ന ഐസ് വിജയകരമായി കണ്ടെത്തിയെങ്കില്‍ അത് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള സമയവും ചെലവും ഗണ്യമായി കുറയാന്‍ സഹായിക്കും.
ഇത് ചന്ദ്രനില്‍ ദീര്‍ഘകാലം മനുഷ്യവാസം ഉറപ്പിക്കുന്നതിനും ചൊവ്വയിലോ, മറ്റ് ബഹിരാകാശ ഇടങ്ങളിലോ കൂടുതല്‍ പര്യവേക്ഷണം നടത്താനോ പ്രാപ്തമാക്കും'- ചാങ് ഇ 7 മിഷന്‍ ഡെപ്യൂട്ടി ചീഫ് ഡിസൈനര്‍ ടാങ് യുഹുവ പറഞ്ഞു.
മനുഷ്യന്‍ ഉയരങ്ങളില്‍ നിന്നും കാലുകള്‍ വളച്ച് ചാടും പോലെ ചന്ദ്രനിലെ വ്യത്യസ്തമായ ചെരിവുകളില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന റോബോട്ടാണ് റോബോട്ടിക് ഫ്‌ലയര്‍ ഡിറ്റക്ടര്‍ എന്നാണ് ചൈനയുടെ അവകാശവാദം. ചാങ് ഇ 7 ദൗത്യം വളരെ പ്രതിസന്ധികള്‍ നിറഞ്ഞതാണെന്നും മൈനസ് 100 ഡിഗ്രി സെല്‍ഷ്യസ് കാലാവസ്ഥ മുതല്‍ ബുദ്ധിമുട്ടേറിയ പ്രതലങ്ങള്‍ വരെ നേരിടേണ്ടി വരുമെന്നും ദൗത്യത്തിന്റെ മുഖ്യ ഡിസൈനര്‍ വു വെയ്റെന്‍ പറഞ്ഞു.
ചന്ദ്രനില്‍ ഇതുവരെ സൂര്യപ്രകാശം എത്താത്തയിടങ്ങളില്‍ ഐസ് ഉണ്ടാകുമെന്നതിനാല്‍ അവ കണ്ടെത്താനാണ് ചാങ് ഇ 7 മിഷന്‍ ശ്രമിക്കുന്നത്. 2028 ല്‍ ചാങ് ഇ 8 മിഷനും 2030 ലെ ചാന്ദ്ര ദൗത്യത്തിനും സഹായകമായ സാങ്കേതിക വിദ്യകളെയും സാഹചര്യങ്ങളെയും ചാങ്് ഇ 7 മിഷന്‍ ചന്ദ്രനില്‍ പരീക്ഷിക്കുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.