തിരുവനന്തപുരം: പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് എതിരായാണ് വനിത കമ്മീഷനുകള്‍ നിലകൊള്ളുന്നത്. സ്ത്രീവിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന മനസുകള്‍ വനിതകള്‍ക്കിടയിലുമുണ്ട്. സ്ത്രീധന പീഡന പരാതികളില്‍ പ്രതിസ്ഥാനത്ത് കൂടുതല്‍ എത്തുന്നത് വനിതകളാണ്. അവര്‍ക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷന്‍ ചെയ്യുന്നതെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
പുരുഷ മേധാവിത്വ സമൂഹത്തില്‍ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയില്‍ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അക്കാര്യം അറിയാവുന്നതിനാലാണ് ഭരണഘടന ശില്‍പികള്‍ ആലോചിച്ച് ആര്‍ട്ടിക്കിള്‍ 15 ന് മൂന്നാം ഉപവകുപ്പ് ചേര്‍ത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തില്‍ ചൂഷണമോ വിവേചനമോ അനുഭവിക്കുന്നതായി കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അധികാരം നല്‍കുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകള്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ രൂപീകരിക്കപ്പെട്ടതെന്നും ചെയര്‍പേഴ്‌സണ്‍ ഓര്‍മിപ്പിച്ചു.
വീട്ടുമുറ്റത്തെ പുല്ല് പോലും പറിക്കുവാനുള്ള കഴിവ് സ്ത്രീകള്‍ക്കില്ലെന്ന് കരുതപ്പെട്ടിരുന്ന സമയത്താണ് തൊഴിലുറപ്പ് നിയമം പാര്‍ലമെന്റ് കൊണ്ടുവന്നത്. അന്ന് എല്ലാവര്‍ക്കും സ്ത്രീകള്‍ക്ക് പോലും ഇക്കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ വികസനത്തില്‍ തങ്ങള്‍ക്കും പങ്കുവഹിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഈ പദ്ധതിയിലൂടെ വനിതകള്‍ക്ക് ലഭിച്ചു.
സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന പഴയ കാഴ്ചപ്പാട് പോലും മാറിയ സാഹചര്യമാണ് ഇന്നുള്ളത്. ഏത് തൊഴിലും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് സ്ത്രീകള്‍ തെളിയിച്ചു കഴിഞ്ഞു. അതേസമയം സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇന്നും കുറവില്ലെന്നും അഡ്വ. പി. സത്യദേവി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.