'തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം തന്നെ ഉപദേശകനായി നിയമിച്ചത്'; ആനന്ദകുമാറിനെതിരെ ആരോപണവുമായി റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

'തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം തന്നെ ഉപദേശകനായി നിയമിച്ചത്'; ആനന്ദകുമാറിനെതിരെ ആരോപണവുമായി റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

തിരുവനന്തപുരം: സ്‌കൂട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. ആനന്ദകുമാറാണ് എന്‍ജിഒ കോണ്‍ഫഡറേഷന്റെ ഉപദേശകനായി തന്നെ നിയോഗിച്ചത്. തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്നും ജസ്റ്റിസ് പറഞ്ഞു.

സംഘടന പിരിവ് നടത്തുന്നതായി അറിഞ്ഞതോടെ തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് കരുതിയാണ് ആനന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ചത്. ആനന്ദകുമാര്‍ കള്ളമാണ് പറയുന്നതെന്ന് കരുതിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ആനന്ദകുമാറിനെ ദീര്‍ഘകാലമായി അറിയാം. എന്‍ജിഒ കളുടെ ഒരു സംഘടന ഉണ്ടാക്കുന്നുണ്ടെന്നും തന്നെ ഉപദേശകനായി വെച്ചോട്ടെ എന്നും ചോദിച്ച് ആനന്ദകുമാര്‍ സമീപിച്ചുവെന്നും ജസ്റ്റിസ് പറയുന്നു. എന്നാല്‍ ഒരു എന്‍ജിഒയും ആനന്ദകുമാറും ഇന്നുവരെ തന്നോട് യാതൊരു ഉപദേശവും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിക്കപ്പെട്ട മുഖ്യ സൂത്രധാരന്‍ അനന്തു കൃഷ്ണനെ പരിചയമില്ലെന്നും ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ ജൂലൈ മാസങ്ങളിലാണ് സ്‌കൂട്ടര്‍ കൊടുക്കാമെന്ന് പറഞ്ഞ് സ്ത്രീകളുടെ കയ്യില്‍ നിന്ന് പണം പിരിക്കുന്നതായി അറിഞ്ഞത്. ഇത് ശരിയല്ലെന്ന് തോന്നിയതോടെ ആനന്ദകുമാറിനെ വിളിച്ച് ഉപദേശക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് അറിയിച്ചു. അത് സമ്മതിക്കുകയും ചെയ്തു.

എന്‍ജിഒകളുടെ ഒന്ന് രണ്ട് പൊതു യോഗങ്ങളില്‍ പ്രസംഗിക്കാന്‍ വിളിച്ചിട്ടുണ്ട് എന്നല്ലാതെ ഫെഡറേഷന്റെ യോഗങ്ങളിലൊന്നും പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടില്ല. സംഘടനയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. വിരമിച്ച ഒരു ജഡ്ജി ഉപദേശകനാണ് എന്നത് വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നതിനാലായിരിക്കണം തന്നെ സമീപിച്ചതെന്നും അദേഹം പറഞ്ഞു.

അതേസമയം അനന്തുകൃഷ്ണന്‍ തന്നെ വഞ്ചിച്ചതാണെന്നാണ് ആനന്ദകുമാറിന്റെ പ്രതികരണം. തട്ടിപ്പില്‍ തന്നെ ആയുധമാക്കുകയായിരുന്നുവെന്നും ആനന്ദകുമാര്‍ പറയുന്നു. സ്‌കൂട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണനെ (26) കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംസ്ഥാനത്തുടനീളം 1000 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നല്‍കിയത്.

വുമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ സ്ത്രീകള്‍ക്ക് ടൂവീലറുകള്‍ നല്‍കുമെന്നും ബാക്കി പണം കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആര്‍ ഫണ്ടായും ലഭിക്കുമെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ടൂവീലറുകള്‍ക്ക് പുറമേ തയ്യല്‍ മെഷീന്‍, ലാപ്ടോപ്പ് തുടങ്ങിയവയും നല്‍കുമെന്ന് പറഞ്ഞ് സമാനമായ രീതിയില്‍ വന്‍ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോല്‍ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്.

പണം അടച്ച് 45 ദിവസം കഴിഞ്ഞ് അന്വേഷിക്കാനെത്തിയവരോട് കുറച്ച് ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നാണ് പറഞ്ഞത്. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം കിട്ടാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി എത്തിയത്. അനന്തു കൃഷ്ണന് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്. അനന്തു കൃഷ്ണന്റെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സ്ത്രീകള്‍ പണം അയച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.