ഡെറാഢൂണ്‍: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. എതിരില്ലാത്ത ഒരു ഗോളിന് ഉത്തരാഖണ്ഡിനെ തകര്‍ത്താണ് കേരളം സ്വര്‍ണത്തില്‍ മുത്തമിട്ടത്. 53-ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി ഗോള്‍ നേടിയത്.
1997 ലാണ് കേരളം അവസാനമായി ഫുട്ബോളില്‍ സ്വര്‍ണം നേടിയത്. 75-ാം മിനിറ്റില്‍ സഫ്വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിനായില്ല.
പന്തുമായി കേരളത്തിന്റെ ബോക്സിലേക്ക് കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍ ചെയ്തതിനാണ് സഫ്വാന്‍ റെഡ് കാര്‍ഡ് കിട്ടിയത്. സഫ്വാന് ആദ്യം യെല്ലോ കാര്‍ഡ് നല്‍കിയ റഫറി, പിന്നീട് ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ ശേഷം ചുവപ്പു കാര്‍ഡ് ആക്കി ഉയര്‍ത്തുകയായിരുന്നു. കേരള താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല.
ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്. ഉത്തരാഖണ്ഡ് ബോക്സിനകത്ത് പ്രതിരോധ താരങ്ങളില്‍ നിന്ന് ഒഴിഞ്ഞു് നിന്ന ഗോകുലിന് ആദില്‍ പാസ് നല്‍കി. അവസരം മുതലെടുത്ത് ഗോകുല്‍ പന്ത് വലയിലെത്തിച്ചു.
അധിക സമയമായി ഒന്‍പത് മിനിറ്റ് നേരമാണ് റഫറി അനുവദിച്ചത്. മത്സരത്തിന്റെ അവസാന സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്കുകളും ഉത്തരാഖണ്ഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്നാം തവണയാണ് ദേശീയ ഗെയിംസില്‍ കേരളം സ്വര്‍ണം നേടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.