'ബലം പ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യും'; കുടിയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്ന യു.എസ് ബിഷപ്പുമാര്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

'ബലം പ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യും'; കുടിയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്ന യു.എസ് ബിഷപ്പുമാര്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഒപ്പം നില്‍ക്കുന്ന യു.എസ് ബിഷപ്പുമാരുടെ പ്രവര്‍ത്തനത്തിന് പിന്തുണ അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുര്‍ബല വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ട്രംപ് സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് ഇന്നലെ (2025 ഫെബ്രുവരി 10) യു.എസിലെ ബിഷപ്പുമാര്‍ക്ക് അയച്ച ഒരു കത്തിലാണ് മാര്‍പാപ്പ തന്റെ പിന്തുണ അറയിച്ചത്.

കുടിയേറ്റക്കാരും ആത്മാഭിമാനമുള്ള മനുഷ്യരാണ്. ഓരോ മനുഷ്യന്റെയും അടിസ്ഥാനപരമായ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും കുടിയിറക്കം നേരിടുന്നവര്‍ക്ക് അജപാലന പിന്തുണ ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തില്‍ തിരുകുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനത്തെ അനുസ്മരിക്കുകയും അവരുടെ അനുഭവത്തിനും ഇന്നത്തെ നിരവധി കുടിയേറ്റക്കാരുടെ അനുഭവത്തിനും ഇടയില്‍ ഒരു സമാന്തരം ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അവരുടെ യാത്ര ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായക നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം മാത്രമല്ല, ഓരോ മനുഷ്യന്റെയും അന്തസിനെയും നാം വിലകല്‍പ്പിക്കണം.

സുരക്ഷയും സ്ഥിരതയും തേടി സ്വന്തം നാട് വിട്ടുപോകുന്ന എല്ലാവര്‍ക്കും ഒരു മാതൃകയായി വിശുദ്ധ കുടുംബത്തെ വിശേഷിപ്പിച്ചുകൊണ്ട്, കുടിയേറ്റക്കാരുടെ പരിചരണത്തെക്കുറിച്ചുള്ള പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്‌തോലിക ഭരണഘടന എടുത്തുകാണിച്ച് അദേഹം ഇങ്ങനെ എഴുതി- 'കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിലെ നിങ്ങളുടെ പ്രവര്‍ത്തനം ക്രിസ്തുവിന്റെ ദൗത്യത്തിലും സഭയുടെ ചരിത്രത്തിലും ആഴത്തില്‍ വേരൂന്നിയതാണ്.'

നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരില്‍ കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസിനെ ഇല്ലായ്മ ചെയ്യുമെന്നും ഭാവിയില്‍ മോശമായി കലാശിക്കുമെന്നും കത്തില്‍ മാര്‍പാപ്പ വ്യക്തമാക്കുന്നു. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് വാദിക്കുന്നയാളാണ് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസ് മാര്‍പാപ്പ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.