ന്യൂഡല്‍ഹി: വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എംപി ഹാരീസ് ബീരാന്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. നിയമത്തില്‍ ഇപ്പോള്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണെന്നുമാണ് കേന്ദ്രം അറിയിച്ചത്.
വിഷയത്തില്‍ കേന്ദ്രം ഇടപടണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റണമെന്നായിരുന്നു ഡോ. വി ശിവദാസ് എംപി ആവശ്യപ്പെട്ടത്. വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണം ഗുരുതരമായ പ്രശ്‌നമാണ്. 1991 ല്‍ ഇന്ത്യയില്‍ ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 213 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം മൂന്നിരട്ടിയായി.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആനകളുടെ ആക്രമണത്തില്‍ 606 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒഡീഷയില്‍ 154 ഉം ബംഗാളില്‍ 99 ഉം അസമില്‍ 74 ഉം പേര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയില്‍ 82 പേര്‍ കടുവകളാല്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍, പ്രതിദിനം 30 പേര്‍ മൃഗങ്ങളാല്‍ കൊല്ലപ്പെടുന്നു. ലോകത്ത് തന്നെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഇന്ത്യയിലാണ്.
കേരളത്തില്‍ 2024 ല്‍ വന്യജീവികളുടെ ആക്രമണത്തില്‍ 94 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വയനാട്ടിലെ ബത്തേരി, നൂല്‍പ്പുഴ, മാനന്തവാടി, കണ്ണൂരിലെ ആറളം ഫാം, ഇരിട്ടി, കൊട്ടിയൂര്‍, കേളകം, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മൃഗങ്ങളുടെ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആറളം ഫാം എന്ന ഒരൊറ്റ പ്രദേശത്ത്, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 14 ആദിവാസികളാണ് കൊല്ലപ്പെട്ടത്.
കേരള സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാറ്റേണ്ടതുണ്ട്.
വന്യജീവിസംരക്ഷണനിയമം മനുഷ്യനശീകരണനിയമമായി മാറിയിരിക്കുന്ന അവസ്ഥയാണ്. ജനങ്ങള്‍ക്ക് കാര്‍ഷിക ജോലി ചെയ്യാന്‍ കഴിയുന്നില്ല. എല്ലാ വര്‍ഷവും വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നു. കാട്ടുപന്നികള്‍ വാഴ, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, മറ്റ് കിഴങ്ങുവര്‍ഗ വിളകള്‍ നശിപ്പിക്കുന്നു. ആനകളുടെയും കടുവകളുടെയും ആക്രമണം ഭയന്ന് ആളുകള്‍ റബ്ബര്‍, കാപ്പി, തേയിലത്തോട്ടങ്ങളില്‍ ജോലിക്ക് പോകാന്‍ ഭയപ്പെടുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഭയപ്പെടുന്നു. ആളുകള്‍ക്ക് ആശുപത്രികളില്‍ പോകാനും വൈദ്യസഹായം ലഭിക്കാനും കഴിയുന്നില്ല.
ഭൂരിപക്ഷം ആക്രമണങ്ങളും കാടിന് പുറത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ആണ് സംഭവിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പരിഹാസ്യമാണ്. കടുവ നാട്ടിലിറങ്ങിയാല്‍ ആറ് പേരുടെ കമ്മിറ്റി രൂപീകരിക്കണം എന്നാണ് ചട്ടം. കടുവ ഈ കമ്മിറ്റിയുടെ തീരുമാനത്തിന് കാത്തു നില്‍ക്കുമോ? വന്യജീവിസംരക്ഷണ നിയമം പരിഷ്‌കരിച്ച് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രം കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.