അന്നേദിവസം നസ്രായന്‍ ഗലീലി കടല്‍ തീരത്തുക്കൂടി കടന്നുപോകുമ്പോള്‍ വലവീശിക്കൊണ്ടിരിക്കുന്ന ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രോയോസിനെയും കാണുകയാണ്. അവന്‍ അവരോടു പറഞ്ഞു: "എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും" (മര്‍ക്കോസ് 1:17) സാധാരാണ ഒരു മീന്‍പിടുത്തക്കാരനില്‍ നിന്നും സഭയുടെ 'വലിയമുക്കവനി'ലേക്കുള്ള ശിമയോന്‍ എന്ന പത്രോസ് ശ്ലീഹയുടെ യാത്ര ഇവിടെ ആരംഭിക്കുകയാണ്. അതുപ്പോലെതന്നെ ബലഹീനനായ ശിമയോനില്‍ നിന്നും ക്രിസ്തുസ്‌നേഹത്താല്‍ ശക്തനാക്കപ്പെട്ട തിരുസഭയുടെ അമരക്കാരനായ പത്രോസിലേക്കുള്ള യാത്രയും ഇവിടെ തുടക്കം കുറിക്കുകയായിരുന്നു.
'ജോനായുടെ പുത്രനായ ശിമയോന്‍' എന്ന പത്രോസ് ശ്ലീഹാ ഗലീലിയിലെ ബെദ്‌സെയദ എന്ന പ്രദേശത്തു നിന്നുള്ളവനായിരുന്നു. വിവാഹശേഷം തന്റെ സഹോദരനായ അന്ത്രയോസിനോടൊപ്പം കഫര്‍ണാമിലേക്ക് താമസം മാറുകയും മീന്‍പിടുത്ത ജോലിയിലേര്‍പ്പെടുകയും ചെയ്തു. ക്രിസ്തുനാഥന്‍ അപ്പസ്‌തോലന്മാരുടെ തലവനായി പത്രോസ് ശ്ലീഹായെ തിരഞ്ഞെടുക്കുകയും പത്രോസാകുന്ന പാറമേല്‍ പണിതയുര്‍ത്തപ്പെടുന്ന തന്റെ സഭയിലെ മുഴുവന്‍ അജഗണങ്ങളെയും മേയിക്കുന്നതിനുള്ള ഇടയന്റെ അധികാരം അദ്ദേഹത്തിനു നല്‍കുകയും ചെയ്തു. അപ്പസ്‌തോലന്മാരുടെ ഗണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശിമയോന് ക്രിസ്തുനാഥന്‍ പുതിയ നാമം നല്‍കികൊണ്ട് പറഞ്ഞു, "നീ യോനായുടെ പുത്രനായ ശിമയോനാകുന്നു. മേലില്‍ നീ കേപ്പാ (പാറ) എന്നു വിളിക്കപ്പെടും" (യോഹ. 1: 42). ആ പറമേലാണു കര്‍ത്താവു തന്റെ പള്ളി പണിതത്.
കേസറീയ ഫിലിപ്പി പ്രദേശത്തുക്കൂടി കടന്നുപോകുമ്പോള്‍ ഞാന്‍ ആരാണ് എന്നാണ് നിങ്ങള്‍ പറയുന്നത്? എന്ന ക്രിസ്തുനാഥന്റെ ചോദ്യത്തിന് "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" എന്ന് പത്രോസ് ശ്ലീഹ മറുപടി പറഞ്ഞു. പത്രോസിന്റെ മറുപടി ശ്രവിച്ച ക്രിസ്തുനാഥന്‍ അവനോട് അരുളിച്ചെയ്തു, "നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും." (മത്താ. 16:18-19) പത്രോസാകുന്ന പാറമേല്‍ പണിതുയര്‍ത്തപ്പെടേണ്ടതാണ് തന്റെ സഭയെന്ന് ക്രിസ്തുനാഥന്‍ ഈ വാക്കുകളിലൂടെ വ്യക്തമാക്കുകയായിരുന്നു.
തന്റെ സഭയുടെയും അപ്പസ്‌തോലഗണത്തിന്റെയും ഇടയനും നേതാവുമായി പത്രോസ് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മാനുഷിക ബലഹീനതകളും എടുത്തുച്ചാട്ടവുമുള്ള വ്യക്തയായിരുന്നു അദ്ദേഹവും. ക്രിസ്തുനാഥന്‍ തന്റെ പീഢാനുഭവത്തെക്കുറിച്ചു പ്രവചിച്ചുകൊണ്ട് തനിക്കു ജറുസലേമിലേക്ക് പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാനപുരോഹിതന്മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയര്‍പ്പിക്കപ്പെടുമെന്നും പറഞ്ഞപ്പോള്‍ കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ നിരുത്സാഹപ്പെടുത്തുന്ന പത്രോസിനെ ബൈബിളിൽ നമുക്ക് കാണുവാന്‍ സാധിക്കും.
പത്രോസ് ശ്ലീഹായുടെ മാനുഷിക ബലഹീനതയെ കാണിക്കുന്ന സംഭവമാണ് നാലു സുവിശേഷകന്മാരും ഒരുപോലെ പ്രതിപാദിക്കുന്ന 'പത്രോസിന്റെ ഗുരുനിഷേധ വൃത്താന്തം'. "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്, ഈ രാത്രിയില്‍ത്തന്നെ കോഴി രണ്ടു പ്രാവിശ്യം കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്നു പ്രവശ്യം നിഷേധിച്ചു പറയും" (മര്‍ക്കോ. 14: 30) എന്നു പത്രോസിനു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും മൂന്നു പ്രാവശ്യം തന്റെ ഗുരുവിനെ തള്ളിപ്പറയുന്ന പത്രോസിനെ സുവിശേഷകന്മാര്‍ വരച്ചുകാണിക്കുന്നുണ്ട്. അതുപ്പോലെ തന്നെ കര്‍ത്താവിന്റെ ഉയര്‍പ്പിനുശേഷം ഒരുമിച്ചുക്കൂടിയിരുന്ന ശിഷ്യന്മാരോട് താന്‍ മീന്‍പിടിക്കുവാന്‍ പോകുകയാണ് എന്നു പറഞ്ഞുകൊണ്ട് തന്റെ പഴയ തൊഴിലിലേക്ക് തിരികെപ്പോകുന്ന ശിമയോനെയും അദ്ദേഹത്തെ പിന്തുടരുന്ന മറ്റു ശിഷ്യന്മാരെയും കാണുവാന്‍ സാധിക്കും.
തിബേരിയാസ് കടല്‍തീരത്തുവെച്ച് യോനായുടെ പുത്രനായ ശിമയോനേ, നീ ഇവരേക്കാള്‍ അധികമായി എന്നെ എന്നെ സ്‌നേഹിക്കുന്നുവോ (യോഹ.21:15) എന്ന ക്രിസ്തുനാഥന്റെ പത്രോസിനോടുള്ള ചോദ്യവും "ഉവ്വ്, കര്‍ത്താവേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ" (യോഹ.21:15,16,17) എന്ന പത്രോസിന്റെ മറുപടിയും "എന്റെ ആടുകളെ മേയിക്കുക." (യോഹ.21:15) എന്ന ക്രിസ്തുനാഥന്റെ ആഹ്വാനവും ശിഷ്യത്വത്തിന്റെ പാതയില്‍ വീണുപോയ പത്രോസ് ശ്ലീഹായെ അപ്പസ്‌തോലന്മാരുടെ നേതാവായും സഭയുടെ അമരക്കാരനായും വീണ്ടുമുള്ള അവരോധനമായിരുന്നു.
ക്രിസ്തുനാഥന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം സെഹിയോന്‍ ഊട്ടുശാലയില്‍ ശിഷ്യന്മാരെ ഒരുമിച്ചുക്കൂട്ടുന്നതിലും പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി അവരെ ഒരുക്കുന്നതിലും നേതൃത്വം വഹിച്ചതും തുടര്‍ന്നുള്ള സഭയുടെ സുവിശേഷ പ്രവര്‍ത്തന രംഗങ്ങളിലെല്ലാം നേതൃത്വം വഹിച്ചതും പത്രോസ് ശ്ലീഹായാണ്. അതുപ്പോലെ തന്നെ ക്രിസ്തുനാഥനെ ഒറ്റിക്കൊടുത്ത് സ്വയം മരണത്തിനിരയായ യൂദാസിനു പകരമായി മത്തിയാസിനെ അപ്പസ്‌തോലന്മാരുടെ ഗണത്തിലേക്ക് തിരഞ്ഞെടുക്കുനതിന് അപ്പസ്‌തോലന്മാരുടെയും സഭയുടെയും തലവനുമെന്ന നിലയില്‍ നേതൃത്വം വഹിച്ചതും പത്രോസ് ശ്ലീഹാ തന്നെയായിരുന്നു. പന്തക്കുസ്ത ദിനത്തില്‍ ജറുസലേം നഗരത്തില്‍ സമ്മേളിച്ച വിവിധദേശങ്ങളില്‍നിന്നുള്ള ജനസഞ്ചയത്തോട് നിര്‍ഭയം സുവിശേഷം പ്രസംഗിച്ചതും പത്രോസ് ശ്ലീഹായാണ് .
അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്നതുപ്പോലെ ആദിമസഭയുടെ സഭയുടെയും വിശ്വാസികളുടെയും നേതാവും ജറുസലേം നഗരത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനും അവിടെ ക്രിസ്ത്യന്‍ സമൂഹത്തിന് രൂപകൊടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതും പത്രോസ് ശ്ലീഹാ തന്നെയായിരുന്നു. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ ആദ്യ പന്ത്രണ്ട് അദ്ധ്യായങ്ങളിലെ കേന്ദ്രകഥാപത്രം പത്രോസ് ശ്ലീഹായാണ്. യഹൂദന്മാരുടെ ഇടയില്‍മാത്രമല്ല മറിച്ച് വിജാതീയരുടെ ഇടയിലും സുവിശേഷം പ്രസംഗിക്കുവാനും തന്റെ സഭയെ സ്ഥാപിക്കുവാനുമാണ് പത്രോസ് ശ്ലീഹാ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രിസ്തുനാഥന്‍ ഒരു ദര്‍ശനം വഴി അദ്ദേഹത്തിന് ബോധ്യപ്പെടുത്തികൊടുത്തു. അതനുസരിച്ച് അദ്ദേഹം റോമന്‍ സൈന്യത്തിലെ ശതാധിപനായ കൊര്‍ണെലിയൂസിനും അവന്റെ കൂടുംബത്തിനും മാമ്മോദീസ നല്‍കി (അപ്പ. 10: 1-48).
ജറുസലെമില്‍ സഭ പീഡിക്കപ്പെട്ടപ്പോള്‍ സഭയെ ശക്തിപ്പെടുത്തിക്കൊണ്ട് പത്രോസ് ശ്ലീഹാ ജറുസലെമില്‍ തുടര്‍ന്നു. ഹേറോദോസ് രാജാവ് മതപീഡനക്കാലത്ത് യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. ഈ പ്രവര്‍ത്തി യഹൂദരെ സന്തോഷിപ്പിച്ചു എന്നു കണ്ട രാജാവ് പത്രോസിനെ ബന്ധനസ്ഥനാക്കുകയും കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ കാരഗൃഹത്തില്‍നിന്നു അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെടുകയും പൊതു നിര്‍ദ്ദേശമനുസരിച്ച് അന്ത്യോക്യായിലേക്ക് പോവുകയും അവിടെ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനാല്‍ വി. പത്രോസിന്റെ സിംഹാസനം ആദ്യം അന്ത്യോക്യായിലാണ് സ്ഥാപിതമായതെന്ന് സഭാപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു.
മോശയുടെ നിയമനുസരിച്ച് വിജാതീയ ക്രിസ്ത്യാനികളും പരിഛേദനം സ്വീകരിക്കണമെന്നും എങ്കില്‍ മാത്രമേ രക്ഷനേടുകയുമുള്ളു എന്നതരത്തിലുള്ള പഠനങ്ങള്‍ ഉയര്‍ന്നുവരികയും യഹൂദ ക്രിസ്ത്യാനികളും വിജാതീയ ക്രിസ്ത്യാനികളും തമ്മില്‍ ഉടലെടുത്ത വിഭാഗീയതയും ആശയക്കുഴപ്പവും തീര്‍ക്കുവാന്‍ വിളിച്ചുചേര്‍ക്കപ്പെട്ട ജറുസലെം സൂനഹദോസിന്റെ അദ്ധ്യക്ഷത വഹിച്ചതും പത്രോസ് ശ്ലീഹായായിരുന്നു. അപ്പസ്‌തോലന്മാരും സഭയിലെ ശ്രേഷ്ഠന്മാരും പങ്കെടുത്ത തിരുസഭയുടെ ചരിത്രത്തില്‍ ആദ്യമായി വിളിച്ചുചേര്‍ക്കപ്പെട്ട സൂനഹദോസായിരുന്നു അത്. ജറുസലെം സൂനഹദോസിനുശേഷം പത്രോസ് ശ്ലീഹാ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോമിലേക്കു പോവുകയും റോമ കേന്ദ്രമാക്കി സുവിശേഷപ്രഘോഷണത്തിലും പ്രേഷിതപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും ചെയ്തു എന്ന് സഭാപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ സഭയുടെ കേന്ദ്രവും പത്രോസിന്റെ സിംഹാസനവും റോമില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.
ഏ.ഡി. 64-ല്‍ റോമില്‍ വലിയൊരു തീപ്പിടുത്തം ഉണ്ടാവുകയും ഒത്തിരിയധികം ജീവനുകള്‍ പൊലിയുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. റോമാ ചക്രവര്‍ത്തിയായ നീറോ ചക്രവര്‍ത്തിയാണ് ഇതിനു പിന്നില്‍ എന്ന വാര്‍ത്ത റോമില്‍ ആകമാനം പരന്നു. തീപ്പിടുത്തത്തിന്റെ സമയത്ത് നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നു എന്ന വാര്‍ത്ത റോമിലാകമാനം പരന്നു. റോമന്‍ ചരിത്രകാരനായ ടാസിറ്റസ് രേഖപ്പെടുത്തുന്നതനുസരിച്ച് 'താനാണ് തീപ്പിടുത്തത്തിന് പിന്നിലെന്ന കിംവദന്തിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ആ പഴി പുതിയതായി രൂപംക്കൊണ്ട ക്രിസ്തുമതത്തിന്റെ മേല്‍ നീറോ ചക്രവര്‍ത്തി ചുമത്തി. ക്രിസ്തുമത്തിന്റെ ആചാരങ്ങളും രീതകളും റോമന്‍ മതങ്ങളുടെ രീതികളില്‍ നിന്നും ആരാധനാക്രമരീതികളില്‍ നിന്നും വിത്യസ്തമായിരുന്നതിനാലും മതപീഡനംമൂലം ക്രിസ്ത്യാനികള്‍ ഗുപ്തസഭയായി പ്രവര്‍ത്തിച്ചിരുന്നതിനാലും റോമന്‍ ജനത അവരെ സംശയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അതിനാല്‍ത്തന്നെ ക്രിസ്ത്യാനികളുടെ മേല്‍ പഴിചാരുന്നതിലും അവര്‍ക്കെതിരെ മതപീഡനം ആരംഭിക്കുന്നതിനും വളരെ എളുപ്പമായിരുന്നു. ഏറ്റവും ഹീനവും പരിഹാസപരവുമായി ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയും മരണത്തിന് ഇരയാക്കപ്പെടുകയും ചെയ്തു. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി ക്രിസ്ത്യാനികളെ ഇട്ടുകൊടുക്കുകയും പലരെയും കുരിശുമരണത്തിനു ഇരയാക്കുകയും ചെയ്തു. ക്രിസ്ത്യാനികളെ ദീപസ്തഭംങ്ങളാക്കി നിറുത്തിയും അവരെ പീഡിപ്പിച്ചു. നീറോ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ഒരു വിനോദപരിപാടിയായി കാണുകയും അവയ്ക്കായി കൊളോസിയം പോലെയുള്ള സ്റ്റേഡിയങ്ങള്‍ തുടങ്ങുകയും ചെയ്തു. തിരുസഭയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മതപീഡനക്കാലമായിരുന്നു നീറോചക്രവര്‍ത്തിയുടെ കാലത്തെ മതപീഡനക്കാലം.
ഈ മതപീഡനക്കാലത്ത് സഭയുടെ നെടുംതൂണുകളായ വി. പത്രോസ് ശ്ലീഹായും വി. പൗലോസ് ശ്ലീഹായും മറ്റു വിശ്വാസികളുടൊപ്പം രക്തസാക്ഷിത്വം വരിച്ചു. കുരിശുമരണത്തിനു വിധിക്കപ്പെട്ട പത്രോസ് ശ്ലീഹാ താന്‍ തന്റെ ഗുരുവിനെ പോലെ കുരിശുമരണം വരിക്കുവാന്‍ യോഗ്യനല്ലയെന്നും മറിച്ച് തന്നെ തലകീഴായി കുരിശില്‍ തറച്ചാല്‍ മതിയെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ തലകീഴായി കുരിശുമരണം സ്വീകരിച്ചുക്കൊണ്ട് സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പ രക്തസാക്ഷിത്വം പുല്‍കി ഗുരുവും നാഥനുമായ ക്രിസ്തുവിനെ തന്റെ ജീവിതത്തില്‍ പൂര്‍ണ്ണമായും ധരിച്ചു. വി. പത്രോസ് ശ്ലീഹായുടെയും വി. പൗലോസ് ശ്ലീഹായുടെയും തിരുന്നാള്‍ തിരുസഭ ജൂണ്‍ 29-ന് ആഘോഷിക്കുന്നു.
വി. പത്രോസ് ശ്ലീഹായുടെ ഭൗതീക ശരീരം അടക്കം ചെയ്ത വത്തിക്കാന്‍ മലനിരയില്‍ വി. അനാക്ലീറ്റസ് മാര്‍പ്പാപ്പ ദേവാലയം നിര്‍മ്മിച്ചു. കോണ്‍സ്റ്റന്‍ന്റൈയിന്‍ ചക്രവര്‍ത്തിയുടെക്കാലത്ത് ഈ ദേവാലയം പുനരുദ്ധരിച്ച് വി. പത്രോസിന്റെ ബസിലിക്ക നിര്‍മിച്ചു. പിന്നീട് വി. പത്രോസിന്റെ ബസിലിക്ക ദേവാലയത്തിന്റെ പുനരുദ്ധാരണം ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് ആരംഭിക്കുകയും നൂറ്റിഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്നസെന്റ് പത്താമന്‍ മാര്‍പ്പാപ്പയുടെ ഭരണക്കാലത്ത് പൂര്‍ത്തിയാവുകയും ചെയ്തു.
ഇതിന് മുൻപ് ഉണ്ടായിരുന്ന ഭാഗം വായിക്കുവാൻ ഇവിടെ അമർത്തുക
മുഴുവൻ മാർപാപ്പമാരുടെയും ലഘു ചരിത്രം വായിക്കുവാനായി ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.