റോമാ നഗരത്തിനുവെളിയില്‍ 'അപ്പിയന്‍' പാതയില്‍ (Via Appia) 'ദൊമിനെ ക്വാ വാദിസ്' (Domine Qua Vadis) എന്ന ദേവാലയമുണ്ട്. ഈ ദേവാലയത്തിനു പിന്നിലുള്ള ഐതീഹ്യം ഇപ്രകാരമാണ്. നീറോ ചക്രവര്‍ത്തിയുടെ മതപീഢനക്കാലത്ത് തന്റെ ജീവനെ ഭയന്ന് അപ്പസ്‌തോല പ്രമുഖനായ പത്രോസ് റോമാ നഗരത്തില്‍നിന്നും ഓടി രക്ഷപ്പെടുകയാണ്. അപ്പിയന്‍ പാതയിലൂടെ പോകുന്ന പത്രോസ് ശ്ലീഹാ തനിക്ക് എതിരെ കുരിശും ചുമന്നുകൊണ്ട് വരുന്ന ഒരു മനുഷ്യനെ കാണുന്നുണ്ട്. അത് തന്റെ ഗുരുവും നാഥനുമായ ക്രിസ്തുവാണ് എന്ന് തിരിച്ചറിഞ്ഞ ശ്ലീഹാ കര്‍ത്താവിനോട് ചോദിക്കുന്നു, "അങ്ങ് കുരിശും വഹിച്ചുകൊണ്ട് എവിടേക്കാണ് പോകുന്നത്?" ഗുരു മറുപടി പറയുന്നു, "വീണ്ടും ക്രൂശിക്കപ്പെടുവാനായി ഞാന്‍ റോമാ നഗരത്തിലേയക്ക് പോവുകയാണ്." തന്റെ ഗുരുവിന്റെ വാക്കുകള്‍ പത്രോസിനെ തന്റെ പദവിയെക്കുറിച്ചും കര്‍ത്തവ്യത്തെക്കുറിച്ചും ക്രിസ്തുവിന് സാക്ഷ്യം നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും പുതിയൊരു തിരിച്ചറിവ് നല്‍കുകയായിരുന്നു. അതായത് തന്റെ കര്‍ത്തവ്യം തനിക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന തന്റെ ജനത്തിനോടുകൂടെ അവരുടെ കഷ്ടതകളിലും പീഢനങ്ങളുടെ സമയത്തും ആയിരുന്നു കൊണ്ട് അവര്‍ക്കായി തന്റെ ജീവന്‍ നല്‍കേണ്ടവനുമാണ് എന്ന തിരിച്ചറിവ്. ചരിത്രപരമായ അടിസ്ഥാനം ഇത്തരമൊരു ഐതീഹ്യത്തിന് നല്‍കുവാന്‍ നമുക്ക് കഴിയില്ലെങ്കിലും തിരുസഭയിലെ പത്രോസിന്റെ പിന്‍ഗാമികളായ മാര്‍പ്പാപ്പമാരുടെ ചരിത്രം അടങ്ങിയിരിക്കുന്നത് അപ്പിയന്‍ പാതയില്‍വെച്ച് ക്രിസ്തുവിന്റെ ക്ഷണത്തിന് പത്രോസ് ശ്ലീഹ നല്‍കിയ മറുപടിയിലും തന്റെ ജനത്തിനായി തന്റെ ജീവന്‍പ്പോലും സമര്‍പ്പിക്കുവാനും കാണിച്ച സന്നദ്ധതയിലുമാണ്.
തിരുസഭയിലെ ആദ്യത്തെ മാര്‍പ്പാപ്പയായ പത്രോസ് ശ്ലീഹയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും ചരിത്രം പഠിക്കുന്നത് സഭയുടെ ചരിത്രം അറിയുന്നതിന് ഏറെ സഹായകമാണ്. വിവിധ കാലഘട്ടങ്ങളില്‍ സഭയെ നയിച്ച മാര്‍പ്പാപ്പമാരുടെ ജീവിതം സഭയ്ക്ക് നേരിടേണ്ടി വന്ന വിഷമകാലഘട്ടത്തെയും, വിശ്വാസപരവും ധാര്‍മികവുമായ തളര്‍ച്ചയെയും പരീക്ഷണങ്ങളെയും ഇത്തരം സാഹചര്യങ്ങളിലും തിരസഭ എപ്രകാരം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിലനിന്നുവെന്നും; ഇന്നും എപ്രകാരം ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നുവെന്നും നമുക്ക് കാണിച്ചു തരുന്നു.
ക്രിസ്തുനാഥന്‍ പന്ത്രണ്ട് അപ്പസ്‌തോലന്മാരെ തിരഞ്ഞെടുത്തപ്പോള്‍ അവരെ ഒരു സമൂഹമായി രൂപീകരിക്കുകയും അവരില്‍നിന്ന് പത്രോസ് ശ്ലീഹായെ ആ സമൂഹത്തിന്റെ അമരക്കാരനായി നിയോഗിക്കുകയും ചെയ്തു. സഭയുടെ വലിയമുക്കുവനായ പത്രോസിന്റെ പിന്‍ഗാമികളാണ് മാര്‍പ്പാപ്പമാര്‍. സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയായ വി. പത്രോസ് ശ്ലീഹാ മുതല്‍ ഇപ്പോഴത്തെ മാര്‍പ്പാപ്പയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെ 266 മാര്‍പ്പാപ്പമാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. സാര്‍വത്രിക സഭയുടെ പരമാദ്ധ്യക്ഷനായിരിക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹം റോമാ രൂപതയുടെ മെത്രാനുമാണ്. അതുപ്പോലെതന്നെ ലോകത്തിലെ ഏറ്റവും ചെറു രാഷ്ട്രമായ വത്തിക്കാന്‍ എന്ന രാജ്യത്തിന്റെ പരമാധികാരിയാണ് മാര്‍പ്പാപ്പ. റോമിന്റെ മെത്രാന്‍, ക്രിസ്തുവിന്റെ വികാരി, അപ്പസ്‌തോലന്മാരുടെ രാജകുമാരന്റെ പിന്‍ഗാമി, ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍, പടിഞ്ഞാറിന്റെ പാത്രിയാര്‍ക്കീസ് വത്തിക്കാന്റെ ഭരണാധികാരി, ദൈവദാസന്മാരുടെ ദാസന്‍ എന്നീ വിശേഷണങ്ങളാല്‍ മാര്‍പ്പാപ്പമാര്‍ സഭയില്‍ അറിയപ്പെടുന്നു. മീന്‍പിടുത്തക്കാരനായിരുന്ന അപ്പസ്‌തോലപ്രമുഖന്‍ പത്രോസിന്റെ പിന്‍ഗാമികള്‍ എന്ന നിലയില്‍ മാര്‍പ്പാപ്പമാര്‍ 'വലിയ മുക്കുവന്‍' എന്ന വിശേഷണവുമുണ്ട്.
മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ്
സഭയുടെ ആദ്യകാലങ്ങളില്‍ മുതിര്‍ന്ന വൈദികരായിരുന്നു മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തിരുന്നത്. വിശ്വാസികള്‍ ആ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കുകകയും ചെയ്തിരുന്നു. മിലാന്‍ വിളമ്പരത്തോടുക്കൂടി സഭയക്ക് സ്വാതന്ത്ര്യം ലഭിക്കുകയും കത്തോലിക്കസഭ റോമ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിനുശേഷം റോമന്‍ ചക്രവര്‍ത്തിമാരുടെ അംഗീകാരം മാര്‍പ്പാപ്പമാരുടെ തിരഞ്ഞെടുപ്പ് സാധുവാകുന്നതിന് ആവശ്യമായി വന്നു. പിന്നീട് പതിനൊന്നാം ശതാബ്ദത്തില്‍ സഭയില്‍ നടന്ന നവീകരണത്തിന്റെ ഫലമായി മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുന്ന രീതിയും നവീകരിക്കപ്പെട്ടു. 1059-ല്‍ നിലവില്‍ വന്ന രീതിയനുസരിച്ച് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം കര്‍ദ്ദിനാള്‍മാരില്‍ മാത്രമായി നിജപ്പെടുത്തി. തുടര്‍ന്നുവന്ന സൂനഹദോസുകളും മാര്‍പ്പാപ്പമാരും നടത്തിയ നിയമ നിര്‍മ്മാണങ്ങളുടെ ഫലമായി തിരഞ്ഞെടു പ്പ് രീതിയില്‍ പല നവീകരണങ്ങള്‍ കൊണ്ടുവരികയുണ്ടായി. പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായി കര്‍ദ്ദിനാള്‍മാരില്‍നിന്ന് മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിക്കണം എന്ന നിയമം പ്രാബല്യത്തിലാക്കി. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ കര്‍ദ്ദിനാള്‍മാരുടെ വോട്ടവകാശത്തിനുള്ള പ്രായം എണ്‍പതായി നിജപ്പെടുത്തി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുപ്പില്‍ മുപ്പത് വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയതിനുശേഷം കര്‍ദ്ദിനാള്‍മാരുടെ വിവേചനാധികാരം ഉപയോഗിച്ച് കേവലഭൂരിപക്ഷം ലഭിക്കുന്ന വ്യക്തിയെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കാമെന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. എന്നാല്‍ 2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ തിരഞ്ഞെടുപ്പ് സാധുവാകുന്നതിനായി മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന നിയമം വീണ്ടും തിരികെ കൊണ്ടുവന്നു. വി. പത്രോസിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ 'കോണ്‍ക്ലേവ്' എന്നാണ് അറിയപ്പെടുന്നത്.
പത്രോസിന്റെ സിംഹാനത്തില്‍ ഒഴിവ് പത്രോസിന്റെ സിംഹാസനത്തില്‍ ഒഴിവുണ്ടാകുന്നത് തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ കാലം ചെയുന്നതിലൂടെയോ അല്ലെങ്കില്‍ സ്ഥാനത്യാഗം ചെയുന്നതിലൂടെയോ മാത്രമാണ്. മാര്‍പ്പാപ്പയുടെ അഭാവത്തില്‍ കര്‍ദ്ദിനാള്‍ 'കാര്‍മലെംഗോ'യുടെ (റോമൻ സഭയുടെ സ്വത്തും വരുമാനവും നിയന്ത്രിക്കുന്ന പേപ്പൽ ഓഫീസിന്റെ ചുമതലയുള്ള കർദിനാൾ) നേതൃത്വത്തിലൂള്ള കര്‍ദ്ദിനാള്‍ തിരുസംഘം സഭയുടെ ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് വിളിച്ചുക്കുട്ടുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയുന്നു.
ഒരു മാര്‍പ്പാപ്പ കാലം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മരണം കര്‍ദ്ദിനാള്‍ 'കാര്‍മലെംഗോ' അദ്ദേഹത്തിന്റെ നെറ്റിയില്‍ മൂന്നുപ്രാവശ്യം വെള്ളിചുറ്റികകൊണ്ട് തട്ടി അദ്ദേഹത്തിന്റെ മാമ്മോദീസാ പേര് വിളിച്ചുകൊണ്ട് സ്ഥിരീകരിക്കുന്നു. തുടര്‍ന്ന് ഒരു ഡോക്ടര്‍ അദ്ദേഹത്തിന്റെ മരണം സാക്ഷ്യപ്പെടുത്തുകയും ചെയുന്നു. കര്‍ദ്ദിനാള്‍ കാര്‍മലെംഗോ കാലം ചെയ്ത മാര്‍പ്പാപ്പയുടെ മുദ്രമോതിരം അദ്ദേഹത്തിന്റെ വിരിലില്‍ നിന്ന് ഊരിയെടുക്കുകയും സന്നിഹിതരായിരിക്കുന്ന കര്‍ദ്ദിനാള്‍മാരുടെ സാന്നിധ്യത്തിവെച്ച് നശിപ്പിക്കുകയും ചെയുന്നു. അതിനുശേഷം കര്‍ദ്ദിനാള്‍ കാര്‍മലെംഗോ ലോകത്തെയും സഭയെയും മാര്‍പ്പാപ്പയുടെ വിയോഗവാര്‍ത്ത അറിയിക്കുന്നു. തുടര്‍ന്ന് കാലം ചെയ്ത പാപ്പയുടെ ശരീരം പൊതുദര്‍ശനത്തിനുവെക്കുകയും സഭയുടെ പാരമ്പര്യവും ആചാരങ്ങളുമനുസരിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സംസ്‌കരിക്കുകയും ചെയുന്നു.
വി. പത്രോസിന്റെ സിംഹാസം ഒഴിഞ്ഞുകിടക്കുന്ന അവസരത്തില്‍ തിരുസഭയിലെ എണ്‍പതുവയസിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒന്നിച്ചുകൂടുകയും പുതിയ ക്രിസ്തുവിന്റെ വികാരിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ നടപടിക്രമങ്ങള്‍ വളരെ സ്വകാര്യമായാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് ആരംഭമായി കര്‍ദ്ദിനാള്‍ സംഘം തങ്ങളില്‍ നിന്ന് മൂന്നംഘസമിതിയെ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കുവാനും സൂക്ഷമ പരിശോധനയക്കുമായി തിരഞ്ഞെടുക്കുന്നു. പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷം പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങള്‍ക്കു അനുസരിച്ച് കോണ്‍ക്ലേവ് പിതാക്കന്മാര്‍ മാര്‍പ്പാപ്പയാകുവാന്‍ ഏറ്റവും അനുയോജ്യനെന്നു തോന്നുന്ന ഒരു കര്‍ദ്ദിനാളിന്റെ പേര് ബാലറ്റ് പേപ്പറില്‍ എഴുതുകയും ചെയ്യുന്നു. ദൈവത്തിനു കീഴില്‍ തിരഞ്ഞെടുക്കപ്പെടെണ്ടവന്‍ എന്ന് ഞാന്‍ കരുതുന്നവന്‍ എന്ന ഉച്ചത്തില്‍ പ്രതിജ്ഞ ചെയ്ത് ബാലറ്റു പേപ്പര്‍ ഒരുക്കിവെച്ചിരിക്കുന്ന കാസയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.
കര്‍ദ്ദിനാള്‍മാരുടെ മൂന്നംഗസമിതി ഓരോ ബാലറ്റ് പേപ്പറിലെയും പേരുകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയും ബാലറ്റ് പേപ്പറുകള്‍ സൂചിയില്‍ കോര്‍ത്ത് കെട്ടുകയും ചെയ്യുന്നു. മൂന്നില്‍രണ്ടു ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ലെങ്കില്‍ ആ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നതുവരെ തിരഞ്ഞെടുപ്പ് തുടരുകയും ചെയ്യുന്നു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ആ ബാലറ്റുകള്‍ ചില രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കത്തിക്കുകയും അതിന്റെ പുക ചിമ്മിനിയിലൂടെ പുറത്തേക്കു വിടുകയും ചെയുന്നു. ചിമ്മിനിയിലൂടെ കറുത്തപുകയാണ് വരുന്നതെങ്കില്‍ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലായെന്നും വെളുത്തപുകയാണ് വരുന്നതെങ്കില്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്നും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു പുറത്തു തടിച്ചുകൂടിയിരിക്കുന്ന ജനം മനസ്സിലാക്കുന്നു. മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചു കഴിഞ്ഞാല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയോട് തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ എന്ന് ആരായുകയും സമ്മതം ലഭിച്ചതിനുശേഷം ഏതു നാമമാണ് സ്വീകരിക്കുന്നത് എന്ന് കാര്‍ദ്ദിനാള്‍ ഡീന്‍ ചോദിക്കുകയും ചെയുന്നു. തുടര്‍ന്ന് അദ്ദേഹം സിസ്‌റ്റെന്‍ ചാപ്പലിനോടുചേര്‍ന്ന കണ്ണീരിന്റെ മുറി എന്നറിയപ്പെടുന്ന മുറിയിലേക്ക് ആനയിക്കപ്പെടുന്നു. മാര്‍പ്പാപ്പയുടെ വസ്ത്രങ്ങള്‍ അണിഞ്ഞ് ചാപ്പലില്‍ ഉപവിഷ്ടനാകുന്ന മാര്‍പ്പാപ്പയോടുള്ള കര്‍ദ്ദിനാള്‍മാര്‍ തങ്ങളുടെ വിധേയത്വം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയുടെ മുമ്പില്‍ മുട്ടുക്കുത്തി പ്രകടിപ്പിക്കുകയും ചെയുന്നു.
പുതിയ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരം കര്‍ദ്ദിനാള്‍ ഡീന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൂടിയിരിക്കുന്ന വിശ്വാസികളോടും ലോകം മുഴുവനോടും Annuntio vobis Gaudium magnum, Habemus Papam (വലിയ സന്തോഷവാര്‍ത്ത ഞാനിതാ നിങ്ങളോട് അറിയിക്കുന്നു നമുക്കൊരു മാര്‍പ്പാപ്പയെ ലഭിച്ചിരിക്കുന്നു) എന്ന് ഉദ്‌ഘോഷിക്കുകയും പുതിയ പാപ്പായുടെ യഥാര്‍ത്ഥ നാമവും പാപ്പയായി തിരഞ്ഞെടുത്ത നാമവും ജനത്തെ അറിയിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പുതിയ പാപ്പാ പ്രദിക്ഷണമായി വന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ജനാലയ്ക്കല്‍നിന്ന് റോമനഗരത്തിനും ലോകത്തിനുമുള്ള തന്റെ ആശീര്‍വാദം (Urbi et Orbi) നല്‍കുന്നു. തുടര്‍ന്നുവരുന്ന ഞായറാഴ്ച്ച പുതിയ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണം നടത്തുകയും ചെയ്യുന്നു.
പത്രോസിന്റെ പിന്‍ഗാമിയുടെ അധികാരം ക്രിസ്തുനാഥന്‍ അപ്പസ്‌തോലന്മാരുടെ തലവനായി പത്രോസ് ശ്ലീഹായെ തിരഞ്ഞെടുക്കുകയും പത്രോസാകുന്ന പാറമേല്‍ പണിതയുര്‍ത്തപ്പെടുന്ന തന്റെ സഭയിലെ മുഴുവന്‍ അജഗണങ്ങളെയും മേയിക്കുന്നതിനുള്ള ഇടയന്റെ അധികാരം അദ്ദേഹത്തിനു നല്‍കുകയും ചെയ്തു. തന്റെ ഗുരുവും നാഥനുമായ ക്രിസ്തുനാഥന്‍ വഴി തനിക്കു ലഭിച്ച ഈ അധികാരം തന്റെ പിന്‍ഗാമികളായ മാര്‍പ്പാപ്പമാര്‍ക്കും പിന്തുടര്‍ച്ചയായി ലഭിക്കുകയും അപ്രകാരം തിരുസഭയുടെ മുഴുവന്‍ ഇടയനായി മാര്‍പ്പാപ്പമാര്‍ വര്‍ത്തിക്കുകയും ചെയ്യുന്നു. 'നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും.' (മത്താ. 16:18-19) 'എന്റെ ആടുകളെ മേയിക്കുക.' (യോഹ. 21: 15) എന്നീ ക്രിസ്തുനാഥന്റെ വാക്കുകളാണ് വി. പത്രോസിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മാര്‍പ്പാപ്പമാരുടെയും അധികാരത്തിന്റെ ആധാരം.
ഏക സമൂഹമായി പ്രവര്‍ത്തിച്ച അപ്പസ്‌തോലന്‍മാരെപ്പോലെ വി. പത്രോസിന്റെയും അപ്പസ്‌തോലന്മാരുടെയും പിന്‍ഗാമികളായ മാര്‍പ്പാപ്പയും സഭയിലെ മെത്രാന്‍മാരും ഏകമനസ്സോടെ സഭയില്‍ ഒത്തൊരുമിച്ച് ഐക്യത്തില്‍ ഒരു സമൂഹമായി ക്രിസ്തുവിന്റെ പുരോഹിത, പ്രവാചക, രാജകീയ ശുശ്രൂഷയില്‍ പങ്കുചേരുന്നു. മെത്രാന്‍മാരില്‍ തുല്യരില്‍ ഒന്നാമനാണ് മാര്‍പ്പാപ്പ. അദ്ദേഹം മറ്റു മെത്രാന്‍മാരുമായി ഒന്നുചേര്‍ന്ന് തന്റെ അധികാരം സഭയില്‍ നിവര്‍ത്തിക്കുകയും പത്രോസിന്റെ പിന്‍ഗാമി എന്ന നിലയില്‍ സഭയില്‍ ഐക്യത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുകയും ചെയ്യുന്നു.
ക്രിസ്തുവിന്റെ വികാരിയും പത്രോസിന്റെ പിന്‍ഗാമിയും എന്ന നിലയില്‍ വിശ്വാസസംബന്ധവും ധാര്‍മികവുമായ കാര്യങ്ങളില്‍ മാര്‍പ്പാപ്പയ്ക്ക് 'തെറ്റാവരം' എന്ന കൃപ തന്റെ അധികാരം വഴി ലഭിക്കുന്നു. വിശ്വാസസംബന്ധവും ധാര്‍മികവുമായ കാര്യങ്ങളില്‍ മാര്‍പ്പാപ്പ വി. പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് തന്റെ സഹപ്രവര്‍ത്തകരായ മെത്രാന്‍മാരോടും സഭയോടും ചേര്‍ന്ന് സഭയെയും ലോകത്തെയും പഠിപ്പിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ അദ്ദേഹത്തിന് തെറ്റ് സംഭവിക്കുകയില്ല എന്നതാണ് വിശ്വാസം. ഇത് ഒരിക്കലും അദ്ദേഹം സകല തെറ്റുകള്‍ക്ക് അതീതനാണ് എന്നര്‍ത്ഥമില്ല.
സ്ഥാനത്യാഗം ചെയുന്നതിലൂടെയും മാര്‍പ്പാപ്പയ്ക്ക് സഭയില്‍ തന്റെ പത്രോസിന്റെ പിന്‍ഗാമി സ്ഥാനം ഒഴിയുവാനായി സാധിക്കും. തന്റെ സ്വതന്ത്രമായ തീരുമാനമനുസരിച്ച് ഒരു മാര്‍പ്പാപ്പ സ്വയം തന്റെ രാജിപ്രഖ്യാപനം നടത്തുമ്പോള്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഒഴിവ് സംഭവിക്കുന്നു. തിരുസഭയുടെ ചരിത്രത്തില്‍ ഇന്നേവരെ മൂന്നു മാര്‍പ്പാപ്പമാര്‍ മാത്രമെ സ്ഥാനത്യാഗം ചെയ്തിട്ടുള്ളു. 1294-ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പ്പാപ്പയും 1409-ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുമണ് ബെനടിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്കു മുമ്പായി സ്ഥാനത്യാഗം ചെയ്ത മാര്‍പ്പാപ്പമാര്‍. 2013 ഫെബ്രുവരി 27-ാം തീയതി പത്രോസിന്റെ 264-ാമത്തെ പിന്‍ഗാമിയായിരുന്ന ബെനടിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തു.
"സഭ എന്റേതല്ല, കര്‍ത്താവിന്റേതാണ്. അതിനാല്‍തന്നെ ഈ സഭാനൗക ആഴങ്ങളില്‍ മുങ്ങിത്താഴാന്‍ അവന്‍ അനുവദിക്കുകയില്ല. കാരണം അവനാണ് വള്ളത്തിന്റെ അമരത്ത്. അവന്‍ തന്നെയാണ് ഇതിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും" ബെനടിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ വിടവാങ്ങല്‍ പ്രസംഗത്തിലെ വാക്കുകളാണിവ. സഭയുടെ ആരംഭം മുതല്‍ ഇന്നുവരെയുള്ള ചരിത്രവും സഭയുടെ വളര്‍ച്ചയും നിലനില്‍പ്പും അടിവരയിട്ടുറപ്പിക്കുന്ന വാക്കുകളാണിവ. പ്രതിസന്ധിയുടെ കാലങ്ങളില്‍ ഇടറിവീഴാതെ സഭയെ നയിച്ചത് ക്രിസ്തുതന്നെയായ അമരക്കാരനാണ് എന്ന് നമുക്ക് കാണിച്ചു തരുന്നതാണ് സഭയിലെ ഓരോ മാര്‍പ്പാപ്പമാരുടെ ജീവിതവും സഭാചരിത്രവും.
മുഴുവൻ മാർപാപ്പമാരെയും പറ്റിയുള്ള ലഘു ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26