റിയാദ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തേടി അമേരിക്കയുടെയും റഷ്യയുടെയും പ്രതിനിധികള്‍ സൗദി അറേബ്യയിലെ റിയാദില്‍ ചര്‍ച്ച ആരംഭിച്ചു. ആവശ്യമെങ്കില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി പുടിന്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രതിനിധി ചര്‍ച്ചയില്‍ അറിയിച്ചു.
ഉക്രെയ്ന്‍ പ്രതിനിധികള്‍ പങ്കെടുക്കാത്ത ചര്‍ച്ച എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും സമാധാനം അകലെയല്ലെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ കഴിഞ്ഞയാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. വൈകാതെ തന്നെ ട്രംപും പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കുക എന്നതും ചര്‍ച്ചയുടെ ലക്ഷ്യമാണ്.
വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ്, പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷകോവ് എന്നിവരാണ് ചര്‍ച്ചയില്‍ റഷ്യയെ പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പശ്ചിമേഷ്യാ കാര്യത്തിനുള്ള ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് എന്നിവരാണ് യു.എസില്‍ നിന്ന് ചര്‍ച്ചയ്‌ക്കെത്തിയത്.
അതേസമയം ഉക്രെയ്‌നെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഒഴിവാക്കിയുള്ള ചര്‍ച്ച വലിയ നീരസത്തിനും ഇടയാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണി ചില യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാരുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തി.
ആവശ്യമെങ്കില്‍ സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. അതേസമയം സെലന്‍സ്‌കിയുടെ നിയമ സാധുത ചോദ്യം ചെയ്യാപ്പെടാമെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍ കരാറുകളുടെ നിയമപരമായ അടിസ്ഥാനത്തെക്കുറിച്ചും ചര്‍ച്ച ആവശ്യമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചര്‍ച്ചയില്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന് റഷ്യ എതിരല്ല. അതിന് അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ സൈനിക സഖ്യം തീര്‍ത്തും വ്യത്യസ്തമാണെന്നും ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ യൂറോപ്യന്‍ പ്രതിനിധികളെ ക്ഷണിക്കാന്‍ കാരണം കാണുന്നില്ലെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് നേരത്തെ പറഞ്ഞത്. ഉക്രെയ്ന്‍ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നവരാണ് അവരെന്നും സൗദിയിലേക്കു പുറപ്പെടും മുന്‍പ് അദേഹം ആരോപിക്കുകയും ചെയ്തിരുന്നു.
സങ്കീര്‍ണമായ റഷ്യ-യു.എസ് ബന്ധം സാധാരണ നിലയിലാക്കുകയാണ് ചര്‍ച്ചയുടെ മറ്റൊരു ലക്ഷ്യമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചര്‍ച്ചയ്ക്ക് മുമ്പ് പറഞ്ഞതും ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.