അനധികൃത കുടിയേറ്റം: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 300 പേരെ പനാമയിലേക്ക് കടത്തി അമേരിക്ക

 അനധികൃത കുടിയേറ്റം: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 300 പേരെ പനാമയിലേക്ക് കടത്തി അമേരിക്ക

പാനമ സിറ്റി: അനധികൃത കുടിയേറ്റക്കാരായ 300 പേരെ പനാമയിലേക്ക് കടത്തി ട്രംപ് ഭരണകൂടം. പനാമയിലെ ഒരു ഹോട്ടല്‍ താല്‍കാലിക ഡിറ്റന്‍ഷന്‍ സെന്ററാക്കി മാറ്റി അവിടെയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെയുള്ള കുടിയേറ്റക്കാരെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കില്ല. ഇവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അമേരിക്ക പിടിച്ചെടുത്തിരുന്നു.

ഇന്ത്യ, ഇറാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പാനമയിലേക്ക് നാടുകടത്തിയത്. ചിലരെ അതാത് രാജ്യങ്ങളിലേക്ക് അമേരിക്കയ്ക്ക് നേരിട്ട് അയയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് എല്ലാവരെയും ഒരുമിച്ച് പനാമയിലേക്ക് നാടുകടത്തിയത്. പനാമയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമൊരുക്കി കൊടുക്കും. എന്നാല്‍ ഡിറ്റന്‍ഷന്‍ സെന്ററിലുള്ള 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാന്‍ തയ്യാറല്ലാത്തവരാണെന്നാണ് പനാമ അധികൃതര്‍ വ്യക്തമാക്കുന്നത്.

സ്വന്തം രാജ്യത്ത് രക്ഷയില്ലെന്നും തങ്ങളെ സഹായിക്കണമെന്നും താമസിക്കുന്ന ഹോട്ടലിന്റെ ജനലുകളില്‍ ഇവര്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. അമേരിക്കയും പനാമയും തമ്മിലുള്ള ധാരണ പ്രകാരം ഇവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കും. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഒരു പാലമായി പ്രവര്‍ത്തിക്കാമെന്ന് പനാമ നേരത്തെ സമ്മതിച്ചിരുന്നു. ചെലവുകള്‍ അമേരിക്ക വഹിക്കുകയും ചെയ്യും.

സമാനമായ ധാരണ കോസ്റ്ററീക്കയുമായും അമേരിക്ക നടപ്പാക്കിയിട്ടുണ്ട്. പനാമയിലേക്ക് എത്തിച്ചതുപോലെ വന്‍തോതില്‍ കോസ്റ്ററീക്കയിലേക്കും അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ന് നാടുകടത്തുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.