ഡല്‍ഹിയില്‍ ആരാകും മുഖ്യമന്ത്രി? തീരുമാനം ഇന്നറിയാം; സത്യപ്രതിജ്ഞ നാളെ രാംലീല മൈതാനിയില്‍

 ഡല്‍ഹിയില്‍ ആരാകും മുഖ്യമന്ത്രി? തീരുമാനം ഇന്നറിയാം; സത്യപ്രതിജ്ഞ നാളെ രാംലീല മൈതാനിയില്‍

ന്യൂഡല്‍ഹി: ആരായിരിക്കും ഡല്‍ഹി മുഖ്യമന്ത്രി എന്നതില്‍ ഇന്ന് തീരുമാനം ആകും. ഡല്‍ഹി മുഖ്യമന്ത്രിയുടെ പേര് ബിജെപി ഇന്ന് അന്തിമമാക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മുഖ്യമന്ത്രിയുടെ പേര് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനിക്കും. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ രാംലീല മൈതാനിയില്‍ നടക്കും.

അസേമയം പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ പട്ടികയിലെ ആദ്യ പേര് പര്‍വേഷ് വര്‍മ്മയുടേതാണ്. ന്യൂഡല്‍ഹി നിയമസഭാ സീറ്റില്‍ നിന്ന് അരവിന്ദ് കെജരിവാളിനെ പരാജയപ്പെടുത്തിയതിന് ശേഷം പര്‍വേഷ് വര്‍മ്മ നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ മറ്റൊരു പേര് രേഖ ഗുപ്തയുടേതാണ്.

നീണ്ട 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി മുഖ്യമന്ത്രിമാര്‍, എന്‍ഡിഎ നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, സിനിമ-ക്രിക്കറ്റ് താരങ്ങള്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുള്ള വലിയ പരിപാടിക്കാണ് ഒരുങ്ങുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകള്‍ ഇവയാണ്:

പര്‍വേഷ് വര്‍മ്മ

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലുള്ള പേരുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പര്‍വേഷ് വര്‍മ്മയുടേതാണ്. ന്യൂഡല്‍ഹി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിനെ പരാജയപ്പെടുത്തിയത് ഇദേഹമാണ്.

ആശിഷ് സൂദ്

കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധത്തിന് പേരുകേട്ട, ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറിയും ജനക്പുരി എംഎല്‍എയുമായ ആശിഷ് സൂദിന്റെ പേരും ചര്‍ച്ചയിലുണ്ട്.

രേഖ ഗുപ്ത

ഒരു വനിതാ മുഖം എന്ന നിലയില്‍, ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എ രേഖ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു.

വിജേന്ദര്‍ ഗുപ്ത

ഡല്‍ഹി ബിജെപിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്ന രോഹിണി എംഎല്‍എ വിജേന്ദര്‍ ഗുപ്തയുടെ പേരും ചര്‍ച്ചയിലുണ്ട്.

സതീഷ് ഉപാധ്യായ

മാളവ്യ നഗര്‍ എംഎല്‍എ സതീഷ് ഉപാധ്യായയും മത്സര രംഗത്തുണ്ട്. പാര്‍ട്ടിയിലെ ഒരു പ്രമുഖ ബ്രാഹ്മണ മുഖവും മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് അദേഹം.

ജിതേന്ദ്ര മഹാജന്‍

വൈശ്യ സമുദായത്തില്‍ നിന്ന് വരുന്നതും ആര്‍എസ്എസിന്റെ ശക്തനായ പ്രതിനിധിയുമായ ജിതേന്ദ്ര മഹാജന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖനാണ്.

ശിഖ റോയ്

ഗ്രേറ്റര്‍ കൈലാഷില്‍ ആം ആദ്മി പാര്‍ട്ടിയുടെ സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തി വിജയിച്ച ശിഖ റോയ്, പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖ വനിതാ മുഖമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.