വിവിധ അലവന്‍സുകളടക്കം നിലവില്‍ പി.എസ്.സി ചെയര്‍മാന് 2.26 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. അംഗങ്ങള്‍ക്ക് 2.23 ലക്ഷം രൂപ വരെയും. ഇതില്‍ നിന്നാണ് വീണ്ടും വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് നിരന്തരം വിലപിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് പി.എസ്.സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. പി.എസ്.സി ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. ഒപ്പം പുതുക്കിയ ആനുകൂല്യങ്ങളും.
മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവന വേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നിലവില്‍ ചെയര്‍മാന് അടിസ്ഥാന ശമ്പളം 76,000 രൂപയാണ്. വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ 2.26 ലക്ഷം രൂപയാണ് ഇപ്പോള്‍ പ്രതിമാസം ലഭിക്കുക.
അംഗങ്ങള്‍ക്ക് 70,000 രൂപയാണ് അടിസ്ഥാന ശമ്പളം. അലവന്‍സ് ഉള്‍പ്പടെ ഇത് 2.23 ലക്ഷം രൂപ വരെ ലഭിക്കും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നേരത്തേ പി.എസ്.സി ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. അന്ന് വലിയ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു.
കൂടാതെ വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കും. കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്‌സണായി ഡോ. ആശാ തോമസിനെ നിയമിക്കാനും ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.