സിഡ്‌നി : ഓസ്ട്രേലിയൻ നഗരങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉഷ്ണ തരംഗം മൂലം മരണ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയെന്ന് പഠനം. ക്വീന്‍സ്ലാന്റ് സര്‍വകലാശാലയും ഓസ്ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഓസ്ട്രേലിയയിൽ ഉഷ്ണതരംഗങ്ങള്‍ മൂലമുണ്ടാകുന്ന മരണത്തിൽ വർധനവുണ്ടാകുമെന്ന് കണ്ടെത്തിയത്.
2009-ല്‍ തെക്കുകിഴക്കന്‍ ഓസ്ട്രേലിയയിലുണ്ടായ കടുത്ത ഉഷ്ണതരംഗ മരണ നിരക്കും പതിറ്റാണ്ടുകളായി ഉണ്ടാവുന്ന ഉഷ്ണ തരംഗത്തിന്റെ വിവരങ്ങളും വിശകലനം ചെയ്താണ് പഠന റിപ്പോർട്ട് തയാറാക്കിയത്.
ഓസ്ട്രേലിയയിലെ ഏതൊക്കെ പ്രദേശങ്ങളാണ് ഉഷ്ണതരംഗത്തിന് കൂടുതല്‍ ബാധിതമാവുന്നതെന്ന് കണ്ടെത്താന്‍ രണ്ട് പതിറ്റാണ്ടുകളിലെ ഡാറ്റയാണ് വിശകലനം ചെയ്തത്.
ഉഷ്ണതരംഗത്തിനിടെ മെല്‍ബണില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന താപനിലയായ 46.4 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായി 12 ദിവസം 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയും രേഖപ്പെടുത്തി. അഞ്ച് ദിവസത്തെ കൊടും ചൂടില്‍ വിക്ടോറിയയില്‍ 374 മരണങ്ങള്‍ ഉണ്ടായെന്നും കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണനിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചെന്നും പഠനം പറയുന്നു
പ്രമേഹം പോലെയുള്ള രോഗങ്ങൾ, ആരോഗ്യ സേവനങ്ങളുടെ പരിമിതമായ ലഭ്യത എന്നീ ഘടകങ്ങള്‍ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ കൂടുന്നതിന് കാരണമാവുന്നെന്നും കണ്ടെത്തി. റോഡുകള്‍, കെട്ടിടങ്ങള്‍, റെയില്‍വേ ലൈനുകള്‍ തുടങ്ങിയ ചൂട് കൂടുതല്‍ ആഗിരണം ചെയ്യുന്ന പ്രതലങ്ങളുടെ സാന്നിധ്യവും നഗരങ്ങളിലെ ഉയര്‍ന്ന അപകടസാധ്യതക്ക് കാരണമാണെന്ന് പഠനത്തിന്റെ സഹ രചയിതാവായ പാട്രിക് അമോട്ടി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.