ന്യൂഡല്‍ഹി:  സോഷ്യല്‍ മീഡിയ, ഒടിടി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സോഷ്യല്‍ മീഡിയയില്‍ വ്യക്തികളുടെ പരാതികള്‍ക്ക് പരിഹാരം കാണണം. വ്യക്തികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എതിരായ അധിക്ഷേപകരമായ ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി  രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 
സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് രൂപം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു.     സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. വിവിധ തലങ്ങളില്‍ വിപുലമായ നിലയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 2018ലാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇതിന് പിന്നാലെ മാര്‍ഗനിര്‍ദേശത്തിന് അന്തിമ രൂപം നല്‍കി. 
വ്യക്തികളുടെ പരാതിക്ക് ഉടന്‍ പരിഹാരം കാണാന്‍  സംവിധാനം ഒരുക്കണം. പരാതി കേള്‍ക്കുന്നതിന് പ്രത്യേക ഓഫീസറെ ഇന്ത്യയില്‍ നിയോഗിക്കണം. 24 മണിക്കൂറിനുള്ളില്‍ പരാതി സ്വീകരിച്ച് 15 ദിവസത്തിനകം പരിഹാരം കാണണമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.    കോടതിയുടെയോ സര്‍ക്കാരിന്റെയോ ഉത്തരവ് പ്രകാരം അപകീര്‍ത്തികരമായ ഉള്ളടക്കത്തിന് ഉത്തരവാദിയായ  വ്യക്തിയുടെ വിവരങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ തയ്യാറാവണം. 
ചട്ടങ്ങള്‍ ലംഘിച്ചുള്ള പോസ്റ്റുകള്‍ ഇന്ത്യയില്‍ ആരാണ് ആദ്യം പങ്കുവെച്ചത് എന്നതിന്റെ വിവരങ്ങള്‍ നല്‍കണം. ഉപയോക്താക്കള്‍ക്ക് പരാതി നല്‍കാനുള്ള നമ്പര്‍ വിജ്ഞാപനം ചെയ്യും. ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റല്‍ പോര്‍ട്ടലുകളിലും പരാതി പരിഹാര സംവിധാനത്തിന് രൂപം നല്‍കും. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് സ്വയം നിയന്ത്രിത സംവിധാനം ഒരുക്കും. 
ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഡിജിറ്റല്‍ പോര്‍ട്ടലുകളുടെയും സുതാര്യത ഉറപ്പാക്കാന്‍ വിരമിച്ച സുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കും. ഒടിടി, ഡിജിറ്റല്‍ പോര്‍ട്ടലുകള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവണം. രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നില്ലെങ്കിലും വിവരങ്ങള്‍ ചോദിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 
    നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോകുന്നത് എന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ മീഡിയകള്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങളുമായുള്ള ഏകോപനം സാധ്യമാക്കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.