വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബൈഡന്‍ ഭരണകൂടം നല്‍കിയെന്ന് പറയുന്ന 21 മില്യണ്‍ ഡോളര്‍ വിഷയം വിടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് കൈക്കൂലി ആണെന്നാണ് ട്രംപിന്റെ ആരോപണം.
താന്‍ മുമ്പ് പലതവണ പറഞ്ഞതു പോലെ വ്യക്തികള്‍ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ട്രംപ് ആരോപിച്ചു.
'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യത്തെപ്പറ്റി നാം എന്തിന് ആശങ്കപ്പെടണം. നമുക്ക് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്.
ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? അത് എപ്പോള്‍ ലഭിക്കുമെന്നാകും അവര്‍ കരുതുന്നത്. അതൊരു കൈക്കൂലിയാണ്. താന്‍ പലതവണ പറഞ്ഞതു പോലെ വ്യക്തികള്‍ക്കുള്ളതാണ്' - ട്രംപ് പറഞ്ഞു.
അതേപോലെ തന്നെ ബംഗ്ലാദേശിലെ രാഷ്ട്രീയ പഞ്ചാത്തലം ശക്തിപ്പെടുത്താന്‍ 29 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി. എന്താണ് ആ രാഷ്ട്രീയ പശ്ചാത്തലംകൊണ്ട് ഉദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ ആരോപണത്തില്‍ പറയുന്നതു പോലുള്ള ഫണ്ട് ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാല്‍ പറഞ്ഞു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കൂട്ടാനുള്ള ശ്രമങ്ങള്‍ക്കായി യു.എസിന്റെ 21 മില്യണ്‍ ഡോളര്‍ സ്വീകരിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും സഞ്ജീവ് സന്യാല്‍ ആവശ്യപ്പെട്ടു.
അതിനിടെ ട്രംപ് പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ധനസഹായം നല്‍കിയത് ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിനാണെന്നും രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2014 ലെ ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പണം ചെലവഴിക്കപ്പെട്ടത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ (യുഎസ്എഐഡി) ധനസഹായം ലഭിച്ചതായി ബംഗ്ലാദേശ് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തേ തന്നെ സമ്മതിച്ചിട്ടുണ്ട്. 21 മില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ച വിവരം യുഎസ്എഐഡി ധാക്ക ഉപദേഷ്ടാവ് ലുബായിന്‍ മോസം മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിച്ചിട്ടുമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതിനിടെ അമേരിക്കന്‍ സാമ്പത്തിക സഹായത്തിന്റെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ചില ശക്തികള്‍ക്ക് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം.
ഇതിനെല്ലാം പിന്നില്‍ അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറോസ് ആണെന്നും ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അതേസമയം സഹായം ലഭിച്ചത് ഇന്ത്യയ്ക്കല്ലെന്ന രേഖകള്‍ പുറത്തു വന്നതോടെ ബിജെപി ആരോപണത്തിന്റെ മുനയൊടിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.