'ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടു': പിഴവ് ഏറ്റു പറഞ്ഞ് ഇസ്രയേല്‍ സൈന്യം

 'ഒക്ടോബര്‍ ഏഴിലെ ഹമാസ്  ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടു': പിഴവ് ഏറ്റു പറഞ്ഞ് ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ്: ഹമാസിന്റെ കടന്നുകയറ്റം തടയുന്നതില്‍ തങ്ങള്‍ക്കുണ്ടായ പരാജയം ഏറ്റു പറഞ്ഞ് ഇസ്രയേല്‍ സൈന്യം.

ഹമാസ് ഭീകരവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണം തടയുന്നതില്‍ തങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹമാസിന്റെ ശേഷി മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നും ഇന്നലെ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ സൈന്യം വ്യക്തമാക്കുന്നു.

'ഞങ്ങള്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. മേഖലയിലെ ശക്തമായ സൈന്യമായിട്ടുപോലും ഹമാസിനെ വിലയിരുത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അതിന്റെ ശേഷിയെ വിലകുറച്ച് കണ്ടു.

ഇത്തരമൊരു അപ്രതീക്ഷിത ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല. ഐ.ഡി.എഫ് എവിടെ എന്ന് ഉള്ളില്‍തട്ടി ചോദിച്ചുകൊണ്ടാണ് അന്ന് നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടത്'- ഇസ്രയേല്‍ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഗാസ ഭരിക്കാനാണ് ഹമാസ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതെന്നായിരുന്നു ഹമാസിനെ കുറിച്ചുള്ള തങ്ങളുടെ പ്രധാന തെറ്റിദ്ധാരണയെന്നും സൈന്യം പറയുന്നു. ഹമാസിന്റെ ശേഷി കൃത്യമായി മനസിലാക്കുന്നതില്‍ ഐ.ഡി.എഫിന് പിഴവ് പറ്റി.

പരമാവധി എട്ട് അതിര്‍ത്തി പോയിന്റുകളില്‍ മാത്രമേ ആക്രമണം നടത്താന്‍ കഴിയൂ എന്നാണ് ഇസ്രയേല്‍ സൈന്യം കരുതിയിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനായുള്ള അറുപതിലേറെലേറെ മാര്‍ഗങ്ങള്‍ ഹമാസിനുണ്ടായിരുന്നു.

ഒക്ടോബര്‍ ഏഴിന് മുമ്പ് മൂന്ന് തവണ ആക്രമണത്തിന്റെ വക്കോളമെത്തിയ ശേഷം ഏതോ കാരണങ്ങളാല്‍ ഹമാസ് അത് മാറ്റിവെക്കുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ശേഷം ഇന്റലിജന്‍സ് വിലയിരുത്തിയത്.

ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അവിടെ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ഹമാസ് അംഗങ്ങള്‍ തങ്ങളുടെ ഫോണുകള്‍ ഇസ്രയേല്‍ നെറ്റ് വര്‍ക്കിലേക്ക് മാറ്റിയത് ഇതില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.