വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയ സമത്വ നിയമ ഭേദഗതി ബില്‍ ( ഇക്വാളിറ്റി ആക്ട്; എച്ച്.ആര്‍.5) അപകടകരമായ നീക്കമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് (യു.എസ്.സി.സി.ബി). ഈ നിയമം പാസാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തില്‍ വിവിധ യുഎസ് ബിഷപ്പ് കമ്മിറ്റിയിലെ അധ്യക്ഷന്മാര്‍ ഒപ്പ് വച്ചിരുന്നു. നിയമം ഉയര്‍ത്തുന്ന അവകാശ ലംഘനം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പോലെ ഭീഷണിയാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മതസ്വാതന്ത്ര്യം, പ്രോ-ലൈഫ്, വിവാഹം, കത്തോലിക്കാ വിദ്യാഭ്യാസം, ഗാര്‍ഹിക നീതി എന്നിവ സംബന്ധിച്ചായിരുന്നു യു.എസ്.സി.സി.ബി കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍ സംയുക്തമായി ഒപ്പിട്ട കത്ത്. ഇത് മത സ്വാതന്ത്ര്യത്തെ നശിപ്പിക്കുമെന്നും വിവാഹത്തിന്റെയും ലിംഗ പ്രത്യയ ശാസ്ത്രത്തിന്റെയും പതിവ് രീതികളെ പുനര്‍നിര്‍വചിക്കുമെന്നും പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. മതവിശ്വാസങ്ങള്‍ കണക്കിലെടുക്കാതെ എല്‍ജിബിടി സമത്വം, ട്രാന്‍സ്ജെന്‍ഡര്‍ പ്രത്യയശാസ്ത്രം എന്നിവയ്ക്ക് ഈ ബില്‍ പ്രകാരം മുന്‍തൂക്കം ലഭിക്കും. വിവാഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള വിശ്വാസങ്ങളിലെ വ്യത്യാസങ്ങളെ മാനിക്കുന്നതിനു പകരം, സമത്വ നിയമം വിശ്വാസികളോട് വിവേചനം കാണിക്കുമെന്ന് യു.എസ്.സി.സി.ബി ഒരു വോട്ടര്‍ ഗൈഡില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടാനും മാന്യതയോടെയുള്ള പെരുമാറ്റം സ്വീകരിക്കാനും എല്ലാവരും അര്‍ഹരാണ്. സ്പോര്‍ട്സിലെ പരിമിതമായ അവസരങ്ങള്‍ക്കായി ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും എതിരായി മത്സരിക്കാനും സ്ത്രീകളെന്ന് തിരിച്ചറിയുന്ന ബയോളജിക്കല്‍ പുരുഷന്മാരുമായി ലോക്കര്‍ റൂമുകളും പൊതു ബാത്‌റൂമുകളും പങ്കിടാനും പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിക്കുക, ഗര്‍ഭച്ഛിദ്രത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതിന് നികുതി ദായകരെ നിര്‍ബന്ധിതരാക്കുക, ലിംഗ മാറ്റത്തെ പിന്തുണയ്ക്കാന്‍ ആരോഗ്യ പരിപാലന പ്രവര്‍ത്തകരെ പ്രേരിപ്പിക്കുക, സര്‍ക്കാര്‍ 'പൊതു സ്ഥലം' എന്നതിന്റെ നിര്‍വചനം മാറ്റി അത് വിപുലീകരിക്കുക, ഇടവകകളുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ പോലും കത്തോലിക്കരുടെ വിശ്വാസത്തിനെതിരായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വരുക തുടങ്ങിയവയെല്ലാം ഈ നിയമം നടപ്പാക്കിയാല്‍ സംഭവിക്കാവുന്നതാണന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ്ജെന്‍ഡേഴ്‌സിനെയും വിവേചനത്തില്‍ നിന്നും സംരക്ഷിക്കാനാണ് സമത്വ നിയമം എന്നാണ് സര്‍ക്കാരിന്റെ വാദം. ലൈംഗിക വ്യത്യാസം നിരാകരിക്കുന്നതിനും 'ലിംഗഭേദം' ഒരു സാമൂഹിക നിര്‍മിതിയെന്നവണ്ണം തെറ്റായി അവതരിപ്പിക്കുന്നതിനും ഇത് വഴിതെളിക്കും.
ഈ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിലയിരുത്തല്‍ ബിഷപ്പുമാര്‍ ചൂണ്ടിക്കാണിച്ചു. "ജീവശാസ്ത്രപരമായ ലൈംഗികതയും ലൈംഗികതയുടെ സാമൂഹിക,സാംസ്‌കാരിക പങ്കും (ലിംഗഭേദം) വേര്‍തിരിച്ചറിയാന്‍ കഴിയുമെങ്കിലും വേര്‍തിരിക്കാനാവില്ല. അതിനാല്‍ മനുഷ്യന്റെ ബലഹീനതയെയും ജീവിതത്തിലെ സങ്കീര്‍ണ്ണതകളെയും കുറിച്ച് മനസിലാക്കുക എന്നത് ഒരു കാര്യം; യാഥാര്‍ത്ഥ്യത്തിന്റെ അഭേദ്യമായ വശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അംഗീകരിക്കുക എന്നത് മറ്റൊന്നും." ഈ ബില്‍ പാസായാല്‍ ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്നത് നിര്‍ബന്ധിതമായേക്കാം. ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസമ്മിതിക്കുന്നത് 'പ്രെഗ്നന്‍സി ഡിസ്‌ക്രിമിനേഷന്‍' നിയമപ്രകാരം നിയമ വിരുദ്ധമാകാം. അത് 'വിലപ്പെട്ട ജീവന്റെയും മനഃസാക്ഷിയുടെയും അവകാശ ലംഘനമാണ്.' - ഇതാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിലയിരുത്തല്‍.
രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര മനുഷ്യസേവകരായ കത്തോലിക്കാ സഭയ്ക്ക് മനുഷ്യന്‍ അന്തര്‍ലീനമായ അന്തസോടെയും ദൈവത്തിന്റെ സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്ന അതേ അടിസ്ഥാന വിശ്വാസങ്ങളാണുള്ളത്. ഈ വിശ്വാസങ്ങള്‍ ജീവിതം, വിവാഹം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ക്കും ഏറ്റവും ദുര്‍ബലമായതിനെയും പൊതു നന്മയെയും സേവിക്കാനുള്ള തങ്ങളുടെ വിളിയ്ക്കും പ്രചോദനമാണെന്നും കത്തില്‍ പറഞ്ഞിരുന്നു.
അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ 206 നെതിരെ 224 വോട്ടുകള്‍ക്കാണ് വ്യാഴാഴ്ച ബില്‍ പാസായത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് പേര്‍ കാലുമാറി ഡെമോക്രറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തു. 1964 ലെ പൗരാവകാശ നിയമ ഭേദഗതിയാണ് സമത്വ നിയമം കൊണ്ട് നടപ്പാക്കുന്നത്. എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാനാണ് ഈ നിയമ നിര്‍മ്മാണം എന്നാണ് അവകാശ വാദം. 2019ല്‍ ഡെമോക്രറ്റ്‌സ് ഇത് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് അത് പാസാക്കിയെങ്കിലും അന്ന് ട്രംപിന്റെ കീഴിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ ബില്‍ അംഗീകരിച്ചില്ല.
തുല്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന മൂല്യങ്ങള്‍ക്കനുസൃതമായി അമേരിക്ക ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നിര്‍ണായക നടപടിയെ ഈ ബില്‍ പ്രതിനിധീകരിക്കുന്നുവെന്നും സമത്വ നിയമം സെനറ്റിലൂടെ പാസായാല്‍ താന്‍ ഒപ്പിടുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തേ പറഞ്ഞിരുന്നു. സമത്വ നിയമമില്ലാതെ ഈ രാഷ്ട്രത്തിന് ഒരിക്കലും അതിന്റെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് ഇല്ലിനോയി സംസ്ഥാനത്തെ ഡെമോക്രസ്റ്റിക് പ്രതിനിധി മറീ ന്യൂമാന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകളും ട്രാന്‍സ്ജന്‍ഡര്‍ ആണെന്നുള്ളത് ശ്രദ്ധേയമാണ്.
മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ യൂട്ടയിലെ മിറ്റ് റോംനി ഉള്‍പ്പെടെ നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഈ നിയമത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശക്തമായ മതസ്വാതന്ത്ര്യ സംരക്ഷണ വ്യവസ്ഥ ചേര്‍ത്തില്ലെങ്കില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാസാക്കിയ ബില്‍ നിയമമാകണമെങ്കില്‍ സെനറ്റിന്റെ അംഗീകാരം വേണം. ഇപ്പോഴത്തെ അവസ്ഥയില്‍ നിയമം പാസാകണമെങ്കില്‍ 60 വോട്ട് വേണം. സെനറ്റ് ഇപ്പോള്‍ 50-50 എന്ന നിലയിലാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ചുവടുമാറിയാല്‍ ഈ ബില്‍ നിയമമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.