റാഗിങ് കേസുകളില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്; സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ നിര്‍ദേശം

റാഗിങ് കേസുകളില്‍ വാദം കേള്‍ക്കാന്‍  ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്; സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ റാഗിങ് കേസുകളില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരാണ് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് റാഗിങ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

റാഗിങ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല എന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. റാഗിങ് തടയണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇതുസംബന്ധിച്ച് കൃത്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ഇക്കാരണത്താല്‍ ഒട്ടേറെ റാഗിങ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഫലപ്രദമായ നടപടികള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

റാഗിങ് തടയുന്നതിന് സംസ്ഥാന, ജില്ലാതല റാഗിങ് വിരുദ്ധ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം, സ്‌കൂളുകളില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ സംസ്ഥാനതല നിരീക്ഷക സമിതി മുന്‍പാകെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ന്നാണ് വിഷയം പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ കോടതി തീരുമാനിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. കേസ് നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.