ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി നഡാഡയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി സുരേഷ് ഗോപി പറഞ്ഞു.
ആശ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി 120 കോടി രൂപ നല്‍കിയതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സുരേഷ് ഗോപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ സമരവും ഇവരുടെ പ്രശ്നങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് പ്രശ്നപരിഹാരം കാണേണ്ടതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കേരളത്തിന് അധികമായി 120 കോടി രൂപ നല്‍കിയതാണെന്നും കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടായാലും അതും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നേരത്തെ ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി കേന്ദ്ര മന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെയും സിപിഎം നേതാക്കളുടെയും പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.