ഗാസയുടെ പുനര്‍ നിര്‍മാണം: അറബ് പദ്ധതി തള്ളി അമേരിക്കയും ഇസ്രയേലും

ഗാസയുടെ പുനര്‍ നിര്‍മാണം: അറബ് പദ്ധതി തള്ളി അമേരിക്കയും  ഇസ്രയേലും

ടെല്‍ അവീവ്: യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍ നിര്‍മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതി തള്ളി അമേരിക്കയും ഇസ്രയേലും. പദ്ധതി ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതല്ലെന്നാണ് വൈറ്റ് ഹൗസിന്റെയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതികരണം.

ഈജിപ്ത് ആവിഷ്‌കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കെയ്റോയില്‍ നടന്ന ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായുള്ള പുനരധിവാസ പദ്ധതിയാണിത്.

യുദ്ധാനന്തരം ഗാസയെ ഇസ്രയേല്‍ തങ്ങള്‍ക്ക് നല്‍കുമെന്നും ഗാസയെ ഏറ്റെടുത്ത് പുനര്‍ നിര്‍മിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാലസ്തീന്‍ പൗരന്‍മാരെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമാകും പുനര്‍നിര്‍മാണമെന്ന ട്രംപിന്റെ നിലപാട് അറബ് രാജ്യങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്നാണ് ബദല്‍ മാര്‍ഗവുമായി ഈജിപ്ത് രംഗത്തെത്തിയത്.

അറബ് പദ്ധതിയെ പാലസ്തീനിയന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നു. അന്താരാഷ്ട്ര സമാധാന സേന ഉള്‍പ്പെടുന്ന സ്വതന്ത്ര സമിതിയുടെ താല്‍കാലിക ഭരണം ഗാസയില്‍ ഏര്‍പ്പെടുത്തണമെന്നും അറബ് ഉച്ചകോടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

അതേ സമയം ഗാസയില്‍ ജനുവരി 19 ന് നിലവില്‍ വന്ന ഒന്നാം ഘട്ട വെടിനിര്‍ത്തലിന്റെ കാലാവധി മാര്‍ച്ച് ഒന്നിന് അവസാനിച്ചു. ഗാസയില്‍ നിന്ന് ഇസ്രയേലിന്റെ പൂര്‍ണ പിന്മാറ്റം ഉള്‍പ്പെടുന്ന രണ്ടാം ഘട്ടം തുടങ്ങണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു.

എന്നാല്‍ ഒന്നാം ഘട്ടം നീട്ടണമെന്നും രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചകള്‍ ഇതിനിടെയില്‍ നടത്താമെന്നും ഇസ്രയേല്‍ പറയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഇതുവരെ ധാരണയായിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.