ലാഹോര്‍: പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത ബലൂച് തീവ്രവാദികളെ എല്ലാവരെയും വധിച്ചെന്ന് പാക് സൈന്യം. ഇതോടെ 24 മണിക്കൂറിലേറെ നീണ്ട ബന്ദി നാടകം അവസാനിച്ചു. ആക്രമണം നടത്തിയ 33 ബലൂച് ഭീകരവാദികളും കൊല്ലപ്പെട്ടു. 346 യാത്രക്കാരെ സൈന്യം ട്രെയിനില്‍ നിന്ന് മോചിപ്പിച്ചു.
ബലൂച് ലിബറേഷന്‍ ആര്‍മി 21 യാത്രക്കാരെയും നാല് അര്‍ധ സൈനിക ഫ്രോണ്ടിയര്‍ കോര്‍പ്സ് സൈനികരെയും കൊലപ്പെടുത്തിയെന്നും പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.
'എല്ലാ ഭീകരരെയും വധിക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തുകൊണ്ട് ബുധനാഴ്ച വൈകുന്നേരം സായുധ സേന ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി.'- പാക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് പറഞ്ഞു.
ബലൂചിസ്ഥാനിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് 500 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ബോലാന്‍ ജില്ലയിലെ മുഷ്‌കാഫ് പ്രദേശത്ത് വെച്ച് ആക്രമിക്കപ്പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വിഘടനവാദ ബിഎല്‍എ ഗ്രൂപ്പിലെ അംഗങ്ങളാണ് ട്രെയിന്‍ തട്ടിയെടുത്തത്.
തുടക്കത്തില്‍ 190 യാത്രക്കാരെ രക്ഷപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഓപ്പറേഷന്റെ തീവ്രത വര്‍ധിച്ചു. സുരക്ഷാ സേനയെ പിന്തിരിപ്പിക്കാന്‍ തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ജാക്കറ്റുകള്‍ ധരിച്ച് ചാവേറുകളായി. സൈന്യം തടങ്കലിലാക്കിയ മുഴുവന്‍ ബിഎല്‍എ പ്രവര്‍ത്തകരെയും 48 മണിക്കൂറിനകം മോചിക്കണമെന്നായിരുന്നു ആവശ്യം. സൈനിക നടപടി ഉണ്ടായാല്‍ മൊത്തത്തില്‍ നശിപ്പിക്കുമെന്നും ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്ന് വളരെ ജാഗ്രതയോടെയായിരുന്നു സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനം.
നേരത്തെ ട്രെയിന്‍ റാഞ്ചുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് വീഡിയോ പുറത്തുവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.