ഹമാസിനും പാലസ്തീനും പിന്തുണ ; അമേരിക്ക വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി

ഹമാസിനും പാലസ്തീനും പിന്തുണ ; അമേരിക്ക വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി

വാഷിങ്ടൻ ഡിസി: ഹമാസിനും പാലസ്തീനും വേണ്ടി സമരം നടത്തിയതിനെ തുടർന്ന് വീസ റദ്ദാക്കപ്പെട്ട ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ നിന്ന് സ്വയം നാടുകടന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്ജനി ശ്രീനിവാസനാണ് കടുത്ത നടപടികൾക്ക് പിന്നാലെ രാജ്യം വിടാൻ നിർബന്ധിതയായത്.

ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ചാണ് രഞ്ജനിയുടെ വീസ യുഎസ് റദ്ദാക്കിയത്. യുഎസിൽ തുടരാനാവാതെ വന്നതോടെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു.

നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥിനിയുടെ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. തീവ്രവാദത്തെയും അക്രമത്തെയും ന്യായീകരിക്കുന്നത് ഈ രാജ്യത്ത് അനുവദിക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ക്കൊപ്പം ക്രിസ്റ്റി നോയിം കുറിച്ചു.

അമേരിക്കയില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യമാണ്. അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിച്ചാല്‍ ആ ആനുകൂല്യം റദ്ദാക്കപ്പെടും. നിങ്ങള്‍ ഈ രാജ്യത്തുണ്ടാകരുതെന്നും ദൃശ്യങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി പറഞ്ഞു.

ഹമാസിനെ പിന്തുണച്ച് പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് അഞ്ചാം തീയതി രഞ്ജനി ശ്രീനിവാസന്റെ സ്റ്റുഡന്റ് വിസ യു.എസ് റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് അധികൃതര്‍ നാടുകടത്തുന്നതിന് മുൻപേ സ്വമേധയാ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥിനി നാട്ടിലേക്ക് മടങ്ങിയത്.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള നടപടികൾ കടുപ്പിച്ചതിന് പിന്നാലെ മാർച്ച് 10നാണ് ഡിഎച്ച്എസ് സിബിപി ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. വീസ റദ്ദാക്കപ്പെടുന്നവർക്ക് നാടു കടത്തപ്പെടാൻ തങ്ങൾ തയാറാണെന്ന് ഈ ആപ്പ് വഴി അറിയിക്കാൻ കഴിയും. നിയമം അനുശാസിക്കുന്ന ശിക്ഷ ഒഴിവാക്കി ഏറ്റവും സുരക്ഷിതമായി മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള വഴിയായാണ് യുഎസ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.