നിറപുഞ്ചിരിയോടെ അവര്‍ ലോകത്തെ അഭിവാദ്യം ചെയ്തു: ഭൂമിതൊട്ട് സുനിതയും വില്‍മോറും; ലാന്‍ഡിങ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3:30 ന്

നിറപുഞ്ചിരിയോടെ അവര്‍ ലോകത്തെ അഭിവാദ്യം ചെയ്തു: ഭൂമിതൊട്ട് സുനിതയും വില്‍മോറും; ലാന്‍ഡിങ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3:30 ന്

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്പത് മാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം മെക്‌സിക്കോ ഉള്‍ക്കടലില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3:30 ന് പേടകം ഉള്‍ക്കടലിലിറങ്ങി.


കടലിലേക്ക് പതിച്ച ഉടന്‍ സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിന്റെ അടുത്തേക്ക് എത്തി. പേടകത്തിനുള്ളിലെ നാല് യാത്രക്കാരെയും കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. സ്‌ട്രെച്ചറിലാണ് അവരെ പേടകത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചത്. സുനിതയും സംഘവും ഭൂമിയിലെത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ നാസ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഭൂമിയിലെത്തിയ സുനിതയും ബുച്ച് വില്‍മോറും നിറഞ്ഞ പുഞ്ചിരിയോടെയാണ് ലോകത്തെ അഭിവാദ്യം ചെയ്തത്.

ചരിത്ര നിമിഷത്തിനായിരുന്നു ഇന്ന് ലോകം സാക്ഷ്യം വഹിച്ചത്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് ഇവരുടെ തിരിച്ചുവരവ് നാസ സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററില്‍ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയരാക്കി.


നാല് പേരേയും വഹിച്ചുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു ബഹിരാകാശ നിലയവുമായി ബന്ധം വേര്‍പ്പെടുത്തി ഭൂമിയിലേക്ക് തിരിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2:51 ഓടെ ഡീഓര്‍ബിറ്റങ് പ്രക്രിയ നടന്നു. പിന്നാലെ വേഗം കുറച്ച് പേടകം ഭൂമിയിടെ അന്തരീക്ഷത്തിലേക്ക് കടക്കുകയും മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങുകയുമായിരുന്നു.


ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലെ പൈലറ്റിന്റെയും കമാന്‍ഡറുടെയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു. പേടകത്തിലെ യാത്രക്കാര്‍ മാത്രമായിരുന്നു സുനിതയും ബുച്ചും. 2024 ജൂണില്‍ സ്റ്റാര്‍ലൈന്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. എട്ട് ദിവസത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈന്‍ പേടകത്തിലുണ്ടായ സാങ്കേതിക തകരാര്‍മൂലം മടക്കയാത്ര വൈകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.