ബില്ലിന് പിന്നില്‍ 'ടച്ചിങ്സി'ന്റെ പരസ്യം! വരുമാനത്തിന് പുതിയ മാര്‍ഗംതേടി ബെവ്കോ

ബില്ലിന് പിന്നില്‍ 'ടച്ചിങ്സി'ന്റെ പരസ്യം! വരുമാനത്തിന് പുതിയ മാര്‍ഗംതേടി ബെവ്കോ

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിങ്ങളുടെ ഉല്‍പന്നങ്ങളുടെ പരസ്യം എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാം എന്നത് റെയില്‍വേയുടെ പരസ്യമാണെങ്കില്‍ അതിനെ കടത്തിവെട്ടുന്ന പരസ്യ മാര്‍ഗവുമായി ബെവ്കോ വരുന്നു. അതിന്റെ ഭാഗമായി ബില്ലുകളുടെ പിന്‍വശം പരസ്യത്തിനായി തുറന്നുകൊടുക്കുമെന്നാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിക്കുന്നത്. കൂടാതെ ഔട്ട്ലെറ്റുകളില്‍ എല്‍ഇഡി ഡിസ്പ്ലേകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

പരസ്യം ചെയ്യാന്‍ താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും ഇതിനകം താല്‍പര്യപത്രങ്ങള്‍ ക്ഷണിച്ച് കഴിഞ്ഞു. ലേലത്തെ അടിസ്ഥാനപ്പെടുത്തി ഏപ്രിലോടെ പരസ്യദാതാക്കളെ തിരഞ്ഞെടുക്കും. സംസ്ഥാനത്തെ 282 ഔട്ട്ലെറ്റുകളിലൂടെ പ്രതിദിനം രണ്ട് ലക്ഷം പേരിലേക്ക് നിങ്ങളുടെ പരസ്യം നേരിട്ടെത്തുമെന്നാണ് ബെവ്കോയുടെ വാഗ്ദാനം. പരസ്യവരുമാനത്തിലൂടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് ബെവ്‌കോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹര്‍ഷിത അട്ടലൂരി പറയുന്നു.

മദ്യം ഉള്‍പ്പടെ അഭികാമ്യമല്ലാത്ത മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ അനുവദിക്കുകയില്ലെന്നും ഹര്‍ഷിത വ്യക്തമാക്കുന്നു. എല്‍ഇഡി വാളുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി പ്രാരംഭഘട്ടിത്താലാണെന്നും വാളുകളില്‍ നിയമ പ്രകാരമുള്ള മുന്നറിയിപ്പുകള്‍, ഉപഭോക്താക്കള്‍ക്കുള്ള സേവന വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെ ഉണ്ടാകുമെന്നും ഹര്‍ഷിത പറഞ്ഞു.

വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ മാതൃകയില്‍ ബെവ്‌കോയുടെ ആദ്യത്തെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് അടുത്ത മാസം തൃശൂരില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍, കോഴിക്കോട്ടെ ഗോകുലം മാള്‍ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തുറക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബെവ്‌കോ സിഎംഡി പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.