ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ഒരു അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. ഷൈഖ് ഹസീന സര്‍ക്കാരിനെ വീഴ്ത്തി ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും രാജ്യം പൂര്‍ണതോതില്‍ സമാധാനം കൈവരിച്ചിരുന്നില്ല. അധികാരത്തിലെത്തിയ മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേയും പ്രതിഷേധങ്ങളുയര്‍ന്നു. ഇതിനിടെയാണ് അധികാരം ഏറ്റെടുക്കാന്‍ സൈന്യം നീക്കം നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഒരു ദേശീയ മാധ്യമമാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ സുപ്രധാന സംഭവങ്ങള്‍ക്ക് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് സൂചന. വാക്കര്‍ ഉസ് സമാന്റെ നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച അടിയന്തിര യോഗം വിളിച്ചിരുന്നു. അഞ്ച് ലെഫ്റ്റനന്റ് ജനറല്‍മാര്‍, എട്ട് മേജര്‍ ജനറല്‍മാര്‍ (ജിഒസി), സ്വതന്ത്ര ബ്രിഗേഡുകളുടെ കമാന്‍ഡിങ് ഓഫീസര്‍മാര്‍, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ തുടങ്ങി ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സൈനിക യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായിരുന്നു. ഇതിന് ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസ് സര്‍ക്കാരിനെതിരേയും ജനങ്ങള്‍ക്കിടയില്‍ അവിശ്വാസംഉടലെടുത്തിരുന്നു. ഇത് കണക്കിലെടുത്ത് രാജ്യത്തെ സ്ഥിരത പുനസ്ഥാപിക്കുന്നതില്‍ സൈന്യത്തിന്റെ പങ്കിനെക്കുറിച്ചും അതിനുള്ള സാധ്യതയെക്കുറിച്ചുമായിരുന്നു യോഗത്തിലെ ചര്‍ച്ചകള്‍ എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ മുഹമ്മദ് യൂനുസിനെതിരെ അട്ടിമറി നടത്താനോ സൈന്യം പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതയും സൈന്യം പരിശോധിക്കുന്നതായാണ് വിവരം.
അടുത്തിടെയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി നേതാക്കളും സൈന്യത്തിനെതിരേയും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത് സൈന്യത്തിലെ പല വിഭാഗങ്ങളെയും അസ്വസ്ഥരാക്കിയിരുന്നു. രാജ്യത്ത് തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഹസീനയുടെ അവാമി ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി സൈന്യം ആസൂത്രണം ചെയ്യുന്നുണ്ടെന്ന വിദ്യാര്‍ഥി നേതൃത്വത്തിലുള്ള ഒരു പാര്‍ട്ടി ആരോപിച്ചെങ്കിലും സൈന്യം ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.