കൊച്ചി: സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ബാബു തള്ളിയത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ 1.72 രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ ഇ.ഡി കള്ളപ്പണം തടയല്‍ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
മാസപ്പടി കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം സമര്‍പ്പിച്ചത്.
എന്നാല്‍ മാസപ്പടി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പരാതി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കീഴ്ക്കോടതി പ്രസ്താവിച്ചത് അനവസരത്തിലും അനുചിതവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അത്തരത്തില്‍ പറയേണ്ട കാര്യം ഇല്ല എന്ന് കണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിയിലെ ആ ഭാഗം ഹൈക്കോടതി റദ്ദു ചെയ്തുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടി ആരോപണത്തില്‍ അഴിമതി നടന്നുവെന്ന് സ്ഥിരീകരിക്കുന്ന വസ്തുകള്‍ കോടതിയുടെ മുമ്പാകെ ഉണ്ടെന്ന് കരുതാന്‍ ഈ ഘട്ടത്തില്‍ കഴിയില്ല അതിനാല്‍ പരാതി തള്ളുകയാണെന്നാണ് ഹൈക്കോടതി പ്രസ്താവിച്ചത്.
അതുകൊണ്ട് കൂടുതല്‍ തെളിവുകളുമായി വീണ്ടും കോടതിയെ സമീപിക്കുന്നതിന് പരാതി തള്ളിയത് തടസമാകില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
വിജിലന്‍സ് കോടതി വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഈ കേസില്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായ പോരാട്ടമാണെന്ന് അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ ഒട്ടും എളുപ്പവും അനായാസവുമാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഹൈക്കോടതിയുടെ ഈ വിധി നിരാശപ്പെടുത്തുന്നില്ല. നീതിക്കു വേണ്ടി അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.