വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ധനികനായ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്. 7.2 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി. 2025 ലെ ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2025 ലാണ് ട്രംപ് ഏറ്റവും ധനികനായ അമേരിക്കന്‍ പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ 53 ശതമാനം ഓഹരി അദേഹത്തിന്റെ സമ്പത്ത് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്രംപും അദേഹത്തിന്റെ പങ്കാളികളായ ഇലോണ്‍ മസ്‌കും പീറ്റര്‍ തീലും പസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം സാമ്പത്തികമായി വലിയ നേട്ടം കൊയ്തു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെസ്‌ല സിഇഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ ആസ്തി 82 ശതമാനം വര്‍ധിച്ച് 420 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നു. ടെക് നിക്ഷേപകനായ പീറ്റര്‍ തീലിന്റെ സമ്പത്ത് 67 ശതമാനം വര്‍ധിച്ച് 14 ബില്യണ്‍ യു.എസ് ഡോളറുമായി.
ഹുറുണ്‍ റിപ്പോര്‍ട്ട് പ്രകാരം മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. അതേസമയം പ്രസിഡന്റ് പദവിയിലെത്തിയതിന് ശേഷം ഡൊണാള്‍ഡ് ട്രംപിന്റെ സമ്പത്ത് പുതിയ ഉയരങ്ങളിലെത്തി. 2025 ജനുവരി 21 ലെ കണക്കനുസരിച്ച് അദേഹത്തിന്റെ ആസ്തി 6.7 ബില്യണ്‍ ഡോളറാണെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ട്രംപ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള സ്വത്തുക്കള്‍, ആഡംബര ഗോള്‍ഫ് റിസോര്‍ട്ടുകള്‍, ഐക്കണിക് മാര്‍ എ ലാഗോ എസ്റ്റേറ്റ് എന്നിവയുള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിങുകളില്‍ നിന്നാണ് അദേഹത്തിന്റെ സമ്പത്ത് പ്രധാനമായും ഉത്ഭവിക്കുന്നത്. എന്നാല്‍ അദേഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു പ്രധാന ഉത്തേജനം ലഭിച്ചത് ട്രംപ് മെമെകോയിനില്‍ നിന്നാണ്. ഇത് ആരംഭിച്ചതിന് ശേഷം മൂല്യം പലമടങ്ങായി കുതിച്ചുയര്‍ന്നു.
നിലവില്‍ അദേഹത്തിന്റെ സമ്പത്തിന്റെ ഏകദേശം 89 ശതമാനം ഡോളര്‍ ട്രംപ് മെമെകോയിനില്‍ നിന്നാണ്. 2024 ല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുണ്ടായിരുന്നത് അമേരിക്കയിലാണെന്നും ഹുറുണ്‍ പറയുന്നു. 96 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 870 ശതകോടീശ്വരന്‍മാരാണ് അമേരിക്കയില്‍ ഉള്ളത്. ഹുറുണ്‍ ടോപ്പ് 100 ല്‍ 45 അമേരിക്കന്‍ ശതകോടീശ്വരന്മാര്‍ ഉള്‍പ്പെടുന്നു. അവര്‍ പട്ടികയിലെ മൊത്തം സമ്പത്തിന്റെ 42 ശതമാനവും വഹിക്കുന്നു എന്നും ഹുറുണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസിലെ മികച്ച മൂന്ന് വ്യവസായങ്ങളില്‍ സോഫ്റ്റ്‌വെയര്‍, സേവനങ്ങള്‍ (106 ശതകോടീശ്വരന്മാര്‍), മീഡിയ, വിനോദം (111 ശതകോടീശ്വരന്മാര്‍), സാമ്പത്തിക സേവനങ്ങള്‍ (170 ശതകോടീശ്വരന്മാര്‍) എന്നിവ ഉള്‍പ്പെടുന്നു. യുഎസില്‍ 130 വനിതാ ശതകോടീശ്വരിമാരും ഉണ്ട്. ഈ ലിസ്റ്റില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാമതാണ് അമേരിക്ക. 129 ശതകോടീശ്വരന്മാരുള്ള ന്യൂയോര്‍ക്ക് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള നഗരമായി മാറി. 284 ശതകോടീശ്വരന്മാരുള്ള ഇന്ത്യയ്ക്കാണ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.