കൊച്ചി: അമ്മ ലില്ലിയുടെ കൈത്തണ്ടയില്‍ തൂങ്ങി ഇടവകയായ കുണ്ടറ പള്ളിയിലെത്തിയിരുന്ന ബാലന്‍ പന്ത്രണ്ടാം വയസില്‍ അള്‍ത്താര ബാലസംഘത്തില്‍ അംഗമായി. പിന്നീട് വിദ്യാര്‍ഥി രാഷ്ട്രീയം തലയ്ക്ക് പിടിച്ച് ഹൈസ്‌കൂള്‍ പഠന കാലത്ത് എസ്എഫ്ഐയുടെ ആദ്യകാല രൂപമായ കേരള സ്റ്റുഡന്റ് ഫെഡറേഷനില്‍ അംഗമായി.
കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് പി.എം അലക്സാണ്ടറുടെയും ലില്ലി അലക്സാണ്ടറുടെയും മകനായ മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം.എ ബേബിക്ക് പിന്നീട് രാഷ്ട്രീയത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കോളജ് പഠന കാലത്ത് എസ്എന്‍ കോളജിലെ എസ്എഫ്‌ഫെ യൂണിറ്റ് സെക്രട്ടറിയായി. 1975 ല്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി. 1977 ല്‍ സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1984 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായ എം.എ ബേബി 1988 ല്‍ കേന്ദ്ര കമ്മിറ്റിയിലും എത്തി.
നിലവില്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവായ പിണറായി വിജയനും മുന്‍പേ എം.എ ബേബി കേന്ദ്ര കമ്മിറ്റിയിലെത്തിയിരുന്നു. ബേബിയ്ക്ക് ശേഷമായിരുന്നു കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിലെത്തിയത്. പക്ഷേ, പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലേക്ക് ബേബി എത്താന്‍ കാലതാമസമെടുത്തു. പിണറായിക്കും കോടിയേരിക്കുമെല്ലാം ശേഷം 2012 ലാണ് ബേബിയ്ക്ക് പി.ബിയിലെത്താനായത്.
1983 ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാവുകയും 1987 ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തിയതിന്റെ തൊട്ടുപിറ്റേ വര്‍ഷമാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായത്. 1986 ല്‍ തന്റെ 32-ാം വയസില്‍ രാജ്യസഭാംഗമായ എം.എ ബേബി രാജ്യസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു. 1998 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദേഹം രാജ്യസഭാ അധ്യക്ഷ പാനലിലും ഉള്‍പ്പെട്ടിരുന്നു.
2006 ല്‍ കൊല്ലം കുണ്ടറയില്‍ നിന്നും മല്‍സരിച്ച് നിയമസഭാംഗമായ എം.എ ബേബി വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായിരുന്നു. 2011 ല്‍ വീണ്ടും കുണ്ടറയുടെ എംഎല്‍എ ആയ ബേബി പക്ഷേ 2014 ല്‍ കൊല്ലത്തു നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും എന്‍.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. അതിന് ശേഷം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ പ്രവര്‍ത്തനങ്ങളിലായിരുന്നു ശ്രദ്ധ.
സീതാറാം യെച്ചൂരിക്ക് പിന്‍ഗാമിയായി പാര്‍ട്ടിയുടെ തലപ്പത്തേക്ക് ബേബി വരുന്നതും ഒരു കാവ്യ നീതിയാണ്. ഒന്നിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചവരാണ് സീതാറാം യെച്ചൂരിയും എം.എ ബേബിയും. ആദ്യ കാലത്ത് ബേബിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സീതാറാം യെച്ചൂരിയാണ് ബേബിയെ മറികടന്ന് പാര്‍ട്ടി തലപ്പത്തേക്ക് ആദ്യമെത്തിയതെന്ന് മാത്രം.
എന്നാല്‍ പുതിയ നിയോഗം, ഏപ്രില്‍ അഞ്ചിന് 71 വയസ് തികഞ്ഞ ബേബിക്ക് ലഭിച്ച ജന്മദിന സമ്മാനം കൂടിയാണ്. പക്ഷേ, ഈ പിറന്നാള്‍ സമ്മാനം അദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു ഉത്തരവാദിത്വമായി മാറുകയാണ്.
രാജ്യത്തെ പ്രതിപക്ഷ നിരയായ ഇന്ത്യ മുന്നണിയ്ക്കും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും പ്രതിസന്ധി കാലഘട്ടം തുടരുന്നതിനിടയിലാണ് എം.എ ബേബി സിപിഎമ്മിന്റെ നായകനായി എത്തുന്നത്.
സിപിഎം ഉള്‍പ്പെടയുളള ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രകടനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ദയനീയമാണ്. മാത്രമല്ല, പാര്‍ട്ടിയില്‍ വിഭാഗീയതയും ശക്തമാകുന്ന ഈ അവസ്ഥയില്‍ നിന്ന് സിപിഎമ്മിനെ കരകയറ്റുകയെന്നത് എം.എ ബേബിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.