തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനം വഹിക്കട്ടെയെന്നാണ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണിയുടെ നിലപാട്.
പക്ഷേ, ആന്റണിയുടെ ഈ നിലപാടിന് പ്രധാന നേതാക്കള്‍ക്കിടയില്‍ പതിവ് സ്വീകാര്യത ലഭ്യമായില്ല. എന്നാല്‍ രണ്ടാംനിര, മൂന്നാംനിര നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഇതേ അഭിപ്രായക്കാരാണ് കൂടുതലും. പിണറായിയെ നേരിടണമെങ്കില്‍ സുധാകരന്‍ വരണം എന്നു പറയുന്നവര്‍ നിരവധിയാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് മുല്ലപ്പള്ളി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായക്കാരനാണ് കെ.സി വേണുഗോപാല്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് എതിര്‍പ്പ് അറിയിച്ചു.
കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ നേതൃതലത്തില്‍ ഭിന്നതയുണ്ടാകുമെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതിനോട് യോജിച്ചു. വേറിട്ട ശൈലിക്കാരനായതിനാല്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സുധാകരന് സാധിക്കില്ലെന്ന വാദമാണ് ഇവര്‍ നിരത്തുന്നത്. മുല്ലപ്പള്ളിക്ക് ആ പ്രശ്നമില്ല. എന്നാല്‍ ഘടകകക്ഷികളുമായി യോജിച്ച് പോകുന്നതിലും പാര്‍ട്ടിയെ ചലനാത്മകമാക്കുന്നതിലും മുല്ലപ്പള്ളി പരാജയമാണ്.
ഐ ഗ്രൂപ്പുമായി സഹകരിച്ചു വന്ന വ്യക്തിയാണ് സുധാകരനെങ്കിലും അദ്ദേഹത്തിന് കെപിസിസി അധ്യക്ഷ പദവി നല്‍കുന്നതില്‍ ചെന്നിത്തലയ്ക്ക് ആശങ്കയുണ്ട്. ഭസ്മാസുരന് വരം നല്‍കിയതു പോലെയാകുമോ കാര്യങ്ങളെന്നതാണ് ചെന്നിത്തലയുടെ ഭയം. താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ശ്രമിക്കുന്നത് ചിലര്‍ തടയുന്നുവെന്ന് നേരത്തെ തന്നെ സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു. അടുത്തിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട 'ചെത്തു തൊഴിലാളി' വിവാദം വന്നപ്പോഴും രമേശ് ചെന്നിത്തലയ്ക്കെതിരെ സുധാകരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ട്. എന്നാല്‍ മുല്ലപ്പള്ളി മത്സരിക്കണം എന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ താല്‍പര്യം. യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉമ്മന്‍ ചാണ്ടി-ചെന്നിത്തല തര്‍ക്കം ഉടലെടുക്കുകയും ചെയ്താല്‍ 'കോംപ്രമൈസിംഗ് കാന്‍ഡീഡേറ്റ്' ആയി മുല്ലപ്പള്ളിയെ കൊണ്ടു വരാമെന്ന ചിന്തയും സോണിയയുടെ ഈ താല്‍പര്യത്തിന് പിന്നിലുണ്ടെന്നാണ് സൂചന. അതുകൊണ്ടു തന്നെ മുല്ലപ്പള്ളിക്ക് സുരക്ഷിത മണ്ഡലം നല്‍കണമെന്ന നിര്‍ദേശവുമുണ്ട്.
എന്നാല്‍ അത്തരമൊരു നീക്കത്തിന് മുസ്ലീം ലീഗ് അടക്കമുള്ള ഘടക കക്ഷികളുടെ പിന്തുണ ലഭിക്കില്ലെന്നതാണ് മുല്ലപ്പള്ളിക്കുള്ള ന്യൂനത. എന്തായാലും തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിക്ക് പുതിയ നേതൃത്വം വരാന്‍ സാധ്യതയില്ലെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതൃമാറ്റമുണ്ടാകും എന്നുറപ്പാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.