എം. ഒ ജോസഫ് നെടുംകുന്നം മാധ്യമ- സാഹിത്യ-ചരിത്ര രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നസ്രാണി നേതാവ്

എം. ഒ ജോസഫ് നെടുംകുന്നം മാധ്യമ- സാഹിത്യ-ചരിത്ര രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നസ്രാണി നേതാവ്

നവജീവ പരിഷിത്ത് ഏർപ്പെടുത്തിയ “ അത്ത് ലെത്താ ദ് ഹെന്തൊ “ Champion of the church of India അവാർഡ് കരസ്ഥമാക്കിയ സഭാ സ്‌നേഹി . ക്രിസ്ത്യാനികൾ എന്തെഴുതിയാലും അത് മതകാര്യമായി വ്യാഖ്യാനിക്കുന്ന ഒരു കാലത്താണ് എം. ഓ ജോസഫ് തന്റെ വേറിട്ട സാഹിത്യ പ്രവർത്തനം നടത്തിയിരുന്നത്.

കട്ടക്കയം ചെറിയാൻ മാപ്പിളയുടെ ശ്രീ യേശുവിജയം എന്ന രചന തിരുവിതാംകൂർ മദ്രാസ് സർവ്വകലാശാലകളിൽ പാഠ്യ വിഷയമായി അംഗീകരിക്കപ്പെട്ടത് എം ഒ ജോസഫിന്റെ ശ്രമഫലമാണ്. ക്രൈസ്തവന്റെ പേര് വച്ച് പുസ്തകങ്ങൾ ഇറക്കിയാൽ അത് ആരും അംഗീകരിക്കില്ല എന്ന സാഹചര്യത്തിന് ഒരു മാറ്റം ഉണ്ടാക്കാൻ അദ്ദേഹത്തിനായി എന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. ക്രൈസ്തവ വിജ്ഞാന കോശത്തിനായി എഴുതിയ പ്രബന്ധങ്ങൾ കേരളക്രിസ്ത്യാനികൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചപ്പോൾ നസ്രാണി ചരിത്രത്തിനു അത് മുതൽക്കൂട്ടായി.

1976 ൽ എകെസിസി സാഹിത്യ അവാർഡ് എം ഒ ജോസഫിന് നൽകികൊണ്ട് മാർ ജോസഫ് പൗവത്തിൽ പറഞ്ഞത് തനിക്ക് ഏറ്റവും പ്രിയങ്കരനായ ഒരു ചരിത്രകാരനാണ് എം ഒ ജോസഫ് , അദേഹത്തെ പ്പോലെ സഭയുടെയും സമൂഹത്തിന്റെയും ചരിത്രം അറിയാവുന്ന മറ്റൊരു അല്മായൻ ഇന്ന് കേരളത്തിലില്ല എന്നാണ് . “മാർത്തോമ്മാ ക്രിസ്ത്യാനികൾ “ കേരള ക്രിസ്ത്യാനികൾ എന്നീ പുസ്തകങ്ങൾ വഴി എം ഒ ജോസഫ് കേരള സഭയ്ക്ക് നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കാനാവില്ല എന്ന് മാർ ജോസഫ് പൗവത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

എറണാകുളത്തുനിന്നു പ്രസിദ്ധീകരിക്കുന്ന സത്യദീപത്തിന്റെ സഹ പത്രാധിപരായി പത്തൊൻപതാം വയസ്സിൽ ആരംഭിച്ച പത്രപ്രവർത്തനം കത്തോലിക്കാ പത്രപ്രവർത്തനമേഖലക്ക് ഉണർവ്വുണ്ടാക്കി. കത്തോലിക്കാ ദൈവശാസ്ത്രവും  സന്മാർഗ ശാസ്ത്രവും കാനൻ നിയമവും ഒക്കെ പഠിച്ച അദ്ദേഹതിന്റെ വാക്കുകൾ വാളിനേക്കാൾ മൂർച്ചയുള്ളതായി മാറി.

18-ാം മത്തെ വയസിൽ കത്തോലിക്കാ കോൺഗ്രസ് അംഗമായിഅദ്ദേഹം സംഘടനാപ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. 1931 മുതൽ 1962 വരെ കത്തോലിക്കാ കോൺഗ്രസിൻ്റെ കൗൺസിലിലും 35 വർഷക്കാലം അദേഹം വർക്കിംഗ് കമ്മറ്റിയിലും അംഗമായിരുന്നു.

എം.ഒ ജോസഫ് അംഗമായി ചേർന്നകാലത്ത് "കേരളീയ കത്തോലിക്കാ മഹാജനസഭ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സംഘടനയിൽ സാമാന്യ ജനങ്ങൾക്ക് വലിയ ഭാഗഭാഗിത്വം ഉണ്ടായിരുന്നില്ല. 1932-ലെ ചമ്പക്കുളം സമ്മേളനത്തിനു ശേഷം വ്യാപകമായ തോതിൽ പ്രസിഡൻ്റ് പ്രൊഫ. ജോസഫ് പെട്ടയുടെ നേതൃത്വത്തിൽ കൊച്ചിയിലെയും ഉത്തര തിരുവിതാംകൂറി ലെയും ഒട്ടുമിക്ക ഇടവകകളിലും ഒരു പ്രചരണസംഘം പര്യടനം നടത്തി. ഈ സംഘത്തിലെ ഒരു പ്രധാന വ്യക്താവായിരുന്നു എം.ഒ. ജോസഫ്.

1951-53 കാലത്ത് ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച എം. ഒ ജോസഫ് ഒരിക്കലും തന്റെ സ്വന്തം നേട്ടങ്ങൾക്കായി കഴിവോ സ്ഥാനമാനങ്ങളോ ഉപയോഗിച്ചിട്ടില്ല , സത്യദീപം, മലബാർ മെയിൽ എന്നിവയിലെ സേവനങ്ങൾ തന്നെ ഉദാഹരണം.
തിരുവിതാംകൂർ ദിവാനായിരുന്ന സി പി യുടെ ക്രൈസ്തവ വിരുദ്ധവും വികലവുമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ തൂലിക ചലിപ്പിച്ച അദ്ദേഹം കൊച്ചി രാജ്യത്ത് നിന്നും നാടുകടത്തപ്പെടുകയും പിന്നീട് തിരുവിതാംകൂറിൽ വീട്ടുതടങ്കലിൽ ആകുകയും ചെയ്തു. എങ്കിലും അനീതിയുമായി സമരസപ്പെടുകയോ തോറ്റു കൊടുക്കുകയോ ചെയ്യാതെ അദേഹം ധീരനായി പടവെട്ടി.

തച്ചിൽ മാത്തൂത്തരകൻ എന്ന രാജ്യസ്നേഹിയായ നസ്രാണിയെ വില്ലൻ കഥാപാത്രമായി അവതരിപ്പിച്ച ചരിത്രകാരന്മാർക്കിടയിൽ തരകന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടി തച്ചിൽ മാത്തൂത്തരകൻ എന്ന നക്ഷത്രത്തെ നുണപ്രചരരണങ്ങളുടെ തമോഗർത്തത്തിൽ നിന്നും പുറത്തുകൊണ്ടുവന്നത് എം ജോസഫ് എന്ന ചരിത്രകാരനാണ്.

ധീര സഭാസ്നേഹികളുടെ കണക്കെടുക്കുമ്പോൾ പലപ്പോഴും അൽമായർ പുറംതള്ളപ്പെട്ടുപോകുക സ്വാഭാവികം. സഭാ താരങ്ങൾ എന്ന പുസ്തകത്തിൽ അദ്ദേഹം നൂറോളം അൽമായ പ്രമുഖരെയാണ് അനുസ്മരിക്കുന്നത്. ചരിത്രത്തിന്റെ കനൽ ചൂളയിൽ എപ്പോഴും തെളിഞ്ഞു കത്തുന്ന കനലുകൾ ചൂടും പ്രകാശവും വമിപ്പിക്കുന്നുണ്ട് എന്ന ഓർമപ്പെടുത്തലാണ് ഇത്തരം ഇ സാഹിത്യ പ്രവർത്തനങ്ങൾ. അവ ഈ തലമുറക്കും വരും തലമുറക്കും മാർഗ്ഗദീപങ്ങളാണ്. എം ഒ ജോസഫ് നെടുംകുന്നത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊള്ളുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.