വീട്ടില്‍ പ്രസവത്തിനിടെ യുവതിയുടെ മരണം: ഭര്‍ത്താവ് സിറാജുദീനെ പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടില്‍ പ്രസവത്തിനിടെ യുവതിയുടെ  മരണം: ഭര്‍ത്താവ് സിറാജുദീനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: മലപ്പുറത്ത് വീട്ടില്‍ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദീനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റ്ഡിയിലെടുത്തത്. പിന്നാലെ ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി.

സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അഞ്ചാം പ്രസവത്തില്‍ മുപ്പത്തഞ്ചുകാരിയായ അസ്മ മരിച്ചത് രക്തം വാര്‍ന്നാണെന്ന് കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അസ്മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലും മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു നടന്നത്. അക്യുപങ്്ച്ചര്‍ ചികിത്സാ രീതിയാണ് പ്രസവത്തിനായി അസ്മയും ഭര്‍ത്താവ് സിറാജുദീനും ഉപയോഗിച്ചതെന്നാണ് വിവരം. ശനിയാഴ്ച ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദീന്‍ മനസിലാക്കുന്നത്.

പിന്നാലെ മൃതദേഹം സിറാജുദീന്‍ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് അസ്മയുടെ വീട്ടുകാരുടെ പരാതി. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദീന്‍ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാള്‍ സിദ്ധവൈദ്യത്തില്‍ ആണ് വിശ്വാസമര്‍പ്പിച്ചിരുന്നത്.

ആലപ്പുഴ സ്വദേശിയാണ് സിറാജുദീന്‍. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് ഈ കുടുംബം വാടക വീട്ടിലെത്തിയത്. അയല്‍പക്കത്തുള്ളവരുമായി അടുപ്പമുണ്ടായിരുന്നില്ല. കുടുംബത്തില്‍ നാല് കുട്ടികള്‍ ഉള്ളതുപോലും പ്രദേശ വാസികള്‍ക്ക് അറിയിവില്ലായിരുന്നുവെന്നാണ് വിവരം.

കുട്ടികളെ സ്‌കൂള്‍ വണ്ടിയില്‍ വിടാനായി മാത്രമാണ് സിറാജുദീന്റെ ഭാര്യ പുറത്തിറങ്ങുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഒന്‍പതാം ക്ലാസിലും രണ്ടാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളെ പലരും കണ്ടിട്ടുണ്ടെങ്കിലും മറ്റൊരു കുഞ്ഞ് കൂടി അവിടെയുണ്ടെന്നുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.