സിവില്‍ കേസുകള്‍ ക്രിമിനലാക്കി മാറ്റുന്നു; യു.പിയില്‍ നടക്കുന്നത് നിയമ വാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയെന്ന് സുപ്രീം കോടതി

സിവില്‍ കേസുകള്‍ ക്രിമിനലാക്കി മാറ്റുന്നു;  യു.പിയില്‍ നടക്കുന്നത് നിയമ വാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിവില്‍ സ്വഭാവമുള്ള കേസിനെ ക്രിമിനല്‍ കേസാക്കി മാറ്റിയ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. യു.പിയില്‍ നടക്കുന്നത് തികച്ചും തെറ്റായ കാര്യങ്ങളാണ്.

ഓരോ ദിവസവും സിവില്‍ വിഷയങ്ങള്‍ ക്രിമിനല്‍ കേസാക്കി മാറ്റുന്നു. ഇത് നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വിവിധ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് സുപ്രീം കോടതി വിധികള്‍ക്ക് വിരുദ്ധമായിട്ടാണെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡി.ജി.പിയോട് വിശദീകരണം ആവശ്യപ്പെട്ടു. കൃത്യവും, പൂര്‍ണവുമായ കുറ്റപത്രം കോടതികളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം.

25 ലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ തമ്മിലുണ്ടായിരുന്ന സിവില്‍ തര്‍ക്കത്തെയാണ് ഗൂഢാലോചനാക്കുറ്റം, വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളിട്ട് ക്രിമിനല്‍ കേസാക്കി മാറ്റിയത്.

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ വിചാരണാ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ചെക്ക് കേസിലെ നടപടികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.