വാഷിങ്ടണ്‍: ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്.
ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ചില ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവ വര്‍ധിക്കും.
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവും ഉള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
കാനഡ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് പ്രാബല്യത്തില്‍ വരും. അതേസമം തീരുവ ചര്‍ച്ചകള്‍ക്കായി 70 രാജ്യങ്ങള്‍ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുമായി ആദ്യ ചര്‍ച്ചകള്‍ നടക്കും. അതിനിടെ അമേരിക്കന്‍ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോണ്‍സ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആന്‍ഡ് പി 500 സൂചികയില്‍ 80 പോയിന്റിന്റെ ഇടിവ്. ട്രംപിന്റെ ആഗോള തീരുവ നടപടികളില്‍ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.
ഇന്ത്യക്ക് മേലുള്ള ട്രംപിന്റെ താരിഫ് പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. പക്ഷെ ചൈനയ്ക്ക് ചുമത്തിയതിനേക്കാള്‍ കുറവാണ്. വിയറ്റ്നാം, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങള്‍ക്കും കനത്ത ആഘാതമുണ്ടായി. അതുകൊണ്ട് തന്നെ ഇന്ത്യ അത്ര കുലുങ്ങിയില്ല. ഫാര്‍മ, അര്‍ധചാലകങ്ങള്‍, ചെമ്പ്, തടി, സ്വര്‍ണം, ഊര്‍ജം തുടങ്ങിയവ താരിഫില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഒറ്റ നോട്ടത്തില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ (27 ശതമാനം) കൂടുതലായി തോന്നാം. യു.എസില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള നികുതിയേക്കാളും കൂടുതലുമാണ്. എന്നിരുന്നാലും ഇന്ത്യയുടെ രണ്ട് പ്രധാന മേഖലകളായ ഐടിയും ഫാര്‍മയും യു.എസിന്റെ തീരുവ പട്ടികയില്‍ പെടാതെ രക്ഷപ്പെട്ടത് ആശ്വാസമാണ്.
അതേസമയം ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ത്യയിലെ മത്സ്യ മേഖലയെ ബാധിച്ച് തുടങ്ങി. ഈ സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച തുടങ്ങി. രാജ്യത്തിന് പ്രതിവര്‍ഷം 60,000 കോടിയോളം രൂപ നേടിത്തരുന്ന മത്സ്യോല്‍പന്ന കയറ്റുമതി തകര്‍ന്നാലുള്ള ഗുരുതര സാഹചര്യമാണ് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നത്.
34.26 ശതമാനം തീരുവയാണ് ഇന്ത്യയില്‍ നിന്നുള്ള മത്സ്യോല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അവിടെ വില കൂടും. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കിലോയ്ക്ക് 6-7 ഡോളറിനാണ് ഇപ്പോള്‍ അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോള്‍ അത് 8-9 ഡോളര്‍ കടക്കും. ഇതോടെ ആളുകള്‍ ഉപഭോഗം കുറയ്ക്കുകയോ മറ്റ് മീനുകളിലേക്ക് മാറുകയോ ചെയ്യാം.
ഇതിനിടെ കേരളത്തില്‍ ചെമ്മീന്‍ വില കുറഞ്ഞു. പകരച്ചുങ്കം വാര്‍ത്ത വന്നതോടെയാണ് പൊതുവേ കുറഞ്ഞ് നിന്ന വില വീണ്ടും കുറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.