ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനം: മലയാളി വൈദികന്‍ ഫാ. അലക്സാണ്ടര്‍ ജെ കുര്യന്‍ വൈറ്റ് ഹൗസ് ഫെയ്ത് ലെയ്സണ്‍

ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനം: മലയാളി വൈദികന്‍ ഫാ. അലക്സാണ്ടര്‍ ജെ കുര്യന്‍ വൈറ്റ് ഹൗസ് ഫെയ്ത് ലെയ്സണ്‍

വാഷിങ്ടന്‍: ആലപ്പുഴ സ്വദേശിയായ ഫാ. ഡോ. അലക്സാണ്ടര്‍ ജെ. കുര്യനെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഫെയ്ത്ത് ലെയ്സണ്‍ ആയി നിയമിച്ചു. വൈറ്റ് ഹൗസ് ഫെയ്ത് ഓഫീസ് വഴി ഇന്റര്‍ഫെയ്ത് ബന്ധങ്ങളുടെ ലെയ്സണ്‍ ഓഫീസറായി അദേഹം സേവനം അനുഷ്ഠിക്കും.

യു.എസ് പൊതുഭരണ വിഭാഗത്തിലെ ഗവണ്‍മെന്റ് വൈഡ് പോളിസി ഓഫിസില്‍ സീനിയര്‍ എക്സിക്യൂട്ടീവും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുമായ അദേഹത്തിന് അധികച്ചുമതലയായാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. വിശ്വാസം സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വൈറ്റ് ഹൗസ് ഫെയ്ത് ഓഫിസിന്റെ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനം അടക്കമുള്ള ചുമതലകള്‍ അദേഹം നിര്‍വഹിക്കും.

ഫെബ്രുവരിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാപിച്ച ഫെയ്ത് ഓഫീസ്, വിശ്വാസാധിഷ്ഠിത സംഘടനകളെ ശാക്തീകരിക്കുന്നതിനും മതപരമായ അസഹിഷ്ണുതയെ ചെറുക്കുന്നതിനുമായി രൂപീകരിച്ചതാണ്. ട്രംപിന്റെ ദീര്‍ഘകാല വിശ്വാസ ഉപദേഷ്ടാവായ ഫാ. പോള വൈറ്റ് ആണ് ഓഫീസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ഈ പ്രമുഖ നേതൃത്വത്തിനിടയിലാണ് ഒരു മലയാളി പുരോഹിതനെ പ്രധാന ലെയ്സണ്‍ ആയി നിയമിക്കുന്നത്. ഇന്ത്യയ്ക്കും കേരളത്തിനും ഒരു പോലെ അഭിമാനകരമായ നിമിഷമാണ്.

പള്ളിപ്പാട് കടയ്ക്കല്‍ കുടുംബാംഗമാണ് ഫാ. അലക്സാണ്ടര്‍ ജെ. കുര്യന്‍. കടയ്ക്കല്‍ കുര്യന്റെയും പെണ്ണമ്മ കുര്യന്റെയും ആറ് മക്കളില്‍ ഇളയവനായാണ് ഫാ. അലക്സാണ്ടര്‍ പള്ളിപ്പാട്ട് ജനിച്ചത്. നടുവട്ടം ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദേഹം മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ ചേര്‍ന്നു. 1978ല്‍, സഹോദരി ലില്ലിയാണ് അദേഹത്തെ അമേരിക്കയിലേക്ക് കുടിയേറാന്‍ സഹായിച്ചത്.

യുഎസില്‍ വിദ്യാഭ്യാസം തുടരുന്നതിനിടയില്‍, ഫാ. അലക്സാണ്ടര്‍ ബോസ്റ്റണിലെ ഹോളി ക്രോസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചേര്‍ന്നു. ബിസിനസ് അഡ്മിനിസ്ട്രേഷനിലെ ബിരുദത്തിനൊപ്പം മതപഠനവും നടത്തി. പിന്നീട് ദിവ്യത്വം, തത്ത്വചിന്ത, യുക്തിപരവും തന്ത്രപരവുമായ ആസൂത്രണം എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടി.

1987 ല്‍ കോട്ടയത്തെ ദേവലോകത്തുള്ള ഓര്‍ത്തഡോക്സ് സഭ ആസ്ഥാനത്ത് പുരോഹിതനായി നിയമിതനായി. ബാള്‍ട്ടിമോറിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി, ഗ്രേറ്റര്‍ വാഷിങ്ടണ്‍ ഡിസിയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി എന്നിവ ഉള്‍പ്പെടെ യുഎസിലെ പ്രധാന പള്ളികളില്‍ 18 വര്‍ഷത്തിലേറെ വികാരിയായി സേവനമനുഷ്ഠിച്ചു.

1999 ല്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ പോളിസി ഉപദേഷ്ടാവായാണ് ഫാ. അലക്സാണ്ടര്‍ പൊതുസേവനത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. 2004 ല്‍ 180 രാജ്യങ്ങളിലായി യു.എസ് നയതന്ത്ര ദൗത്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അദേഹം നിര്‍ണായക പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള 135 പുതിയ എംബസികള്‍ സ്ഥാപിക്കാന്‍ സഹായിച്ചു. 2000 ല്‍ ബില്‍ ക്ലിന്റന്റെ യാത്രയും 2006 ല്‍ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഹൈദരാബാദ് സന്ദര്‍ശനവും ഉള്‍പ്പെടെ, യുഎസ് പ്രസിഡന്റുമാരുടെ ഇന്ത്യയിലേക്കുള്ള ചരിത്രപരമായ സന്ദര്‍ശനങ്ങളിലും അദേഹം പ്രധാന പങ്ക് വഹിച്ചു. മാത്രമല്ല ഹൈദരാബാദില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രധാന ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു ഫാ. അലക്സാണ്ടര്‍.

മുന്‍ പ്രസിഡന്റ് ബൈഡന്റെയും മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും കീഴില്‍ ഒന്‍പത് പോളിസികളുടെ നിയന്ത്രണങ്ങളുടെ നേതൃത്വ നിരയില്‍ അദേഹവും ഉണ്ടായിരുന്നു. 2018 ല്‍ ട്രംപിനൊപ്പം ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.

2019 ല്‍ പ്രസിഡന്റ് ട്രംപ് അദേഹത്തെ ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി നിയമിച്ചത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമാണ്. ട്രംപിന്റെ രണ്ടാമത്തെ വരവിലും ലഭിച്ച ഈ അംഗീകാരം അദേഹത്തിന്റെ പ്രവര്‍ത്തന മികവിന്റെ നേട്ടം തന്നെയാണ് എന്നതില്‍ സംശയമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.