കൊല്ലം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ പി.ജി മനു മരിച്ച നിലയില്‍. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഡോ. വന്ദന കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാനാണ് അദേഹം കൊല്ലത്തെത്തിയത്. എറണാകുളം പിറവം സ്വദേശിയായ മനു എന്‍ഐഎ അഭിഭാഷകനും ആയിരുന്നു.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ കേസ്. 2018 ല്‍ നടന്ന കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചതായാണ് പരാതി.
അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ.ടി ആക്ട് അടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇയാള്‍ കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറയുകയും അതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വരികയും ചെയ്തിരുന്നു.
എന്നാല്‍ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴില്‍ രംഗത്തെ എതിരാളികളുടെ കരുതി കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമായിരുന്നു അഡ്വ. മനുവിന്റെ വാദം. റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്.
അതിജീവിതയെ ബലാത്സംഗം ചെയ്‌തെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മനു ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയായിരുന്നു കീഴടങ്ങല്‍. കേസില്‍ പിന്നീട് ജാമ്യത്തിലായിരുന്നു മനു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.