ഇന്ന് ദുഖവെള്ളി. ദൈവം സ്വയം മരണം ഏറ്റെടുത്ത ദിനം. എല്ലാ തിരക്കുകളും നിറഞ്ഞ ലോകത്ത് നിന്ന് ഒരാളായിത്തന്നെ പോകേണ്ടി വന്ന ഈശോയുടെ യാത്രയുടെ ഓർമപ്പെടുത്തൽ. എല്ലാവരും ചുറ്റിലുണ്ടായിരുന്നു, പക്ഷേ ആരുമില്ലാത്ത പോയതുപോലെയായിരുന്നില്ലേ ആ വെള്ളിയാഴ്ച? "സാധിക്കുമെങ്കിൽ കയ്പ്പിന്റെ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ" എന്ന മകന്റെ പ്രാര്‍ഥന, എങ്കിലും "നിന്റെ ഇഷ്ടം മാത്രം നിറവേറട്ടെ" എന്ന അപാര സമര്‍പ്പണം — അതാണ് ദുഖവെള്ളിയുടെ ഹൃദയമിടിപ്പ്.
ആ ആഴത്തിലുള്ള തളർച്ചയിലും മാലാഖയുടെ ആശ്വാസത്തിലൂടെ പിതാവായ ദൈവം തന്റെ മകനോടൊപ്പം നിലകൊള്ളുന്നു. പക്ഷേ ഒടുവില്‍ മകന്റെ വായിൽ നിന്ന് ഉയരുന്നത് അതീവ വേദനയോടെയുള്ള "എന്റെ ദൈവമേ, നീ എന്നെ എന്തിന് ഉപേക്ഷിച്ചു" എന്ന പ്രാർത്ഥന.
ഒറ്റലിന്റെ വെള്ളി നാണയങ്ങൾക്കും വില ഇല്ലാതാക്കിയ ദുഖവെള്ളി. ചുറ്റുപാടൊക്കെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും നിറഞ്ഞിരിക്കുമ്പോഴും മൗനം വാചാലമാകുന്ന ദുഖവെള്ളി. രാജകൊട്ടാരത്തിലും അരമനയുടെ അകത്തളത്തിലും അധികാര വേദികളിലും അവന്‍ അധികം മിണ്ടിയില്ല.
മുഖത്ത് തുപ്പിയപ്പോഴും തലയിൽ മുള്ള് വെച്ച് മുറിവേല്‍പ്പിച്ചപ്പോഴും അവൻ നിലവിളിച്ചില്ല. ദൈവപുത്രനാണെന്ന അഭിമാനത്തിൽ വെല്ലുവിളിച്ചില്ല സഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല.
"നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്ക് വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു." — ഏശയ്യാ 53:5 (POC)
ക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം തുടങ്ങുന്നത് ഗത്സമൻ തോട്ടത്തിൽ നിന്നാണ്. അതും മറ്റൊരു തോട്ടത്തിലെ — ഏദൻതോട്ടത്തിലെ — മനുഷ്യന്റെ പതനത്തെ പ്രതിരോധിക്കുന്ന ദൈവാനുയായിയുടെ ഒരു പുതിയ തുടക്കം. വിലക്കപ്പെട്ട മരത്തിലെ പഴത്തിലൂടെ പാപം വന്നപ്പോള്‍ മരക്കുരിശിലൂടെയാണ് മോചനവും വന്നത്.
"മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്മേല്‍ തൂങ്ങി നീയും മരിച്ചോ പുത്ര!
നാരികയ്യാല്‍ ഫലംതിന്നു നരന്മാര്‍ക്കു വന്നദൊഷം
ആദിനാഥാ! മൊക്ഷവഴി തെളിച്ചോ പുത്ര!"
— പുത്തന്‍പാന, പാദം 12, ശ്ലോകം 38
മിശിഹായുടെ കഠിനമായ പീഡാനുഭവങ്ങള്‍ നമ്മെ നിശബ്ദതയിലേക്കും ധ്യാനത്തിലേക്കും നയിക്കുന്നു. അതുകൊണ്ടാണ് ഇന്ന് നമ്മള്‍ ഈ ദിനത്തെ 'ദുഖവെള്ളി' എന്ന് വിളിക്കുന്നത്. അത് ദുഖദിനം തന്നെയാണ്, പക്ഷേ അതിന്റെ മൗനം പ്രത്യാശയുടെ വാതിലുകള്‍ തുറക്കുന്നു.
ക്രിസ്തു കുരിശിനെ മഹത്വത്തിലേക്ക് ഉയര്‍ത്തി. ശാപത്തിന്റെയും ശിക്ഷയുടെയും ചിഹ്നമായിരുന്ന കുരിശ് നമുക്ക് രക്ഷയുടെ പ്രതീകമായി മാറി. അതിനാലാണ് നമ്മള്‍ അഭിമാനത്തോടെ പാടുന്നത്.
"കുരിശാണ് രക്ഷ
കുരിശിലാണ് രക്ഷ
കുരിശേ നമിച്ചീടുന്നു."
തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈശോ നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് കുരിശ്. അനുദിന ജീവിതത്തിലെ കുരിശുകള്‍ ഏറ്റെടുക്കുമ്പോള്‍, അതില്‍ ആത്മീയ പ്രസാദം കണ്ടെത്തുമ്പോള്‍ മാത്രമാണ് ക്രിസ്തുവിന്‍റെ പീഡാനുഭവം ഫലപ്രദമാകുന്നത്.
"ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കാളികളാകുന്നതില്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍; അവന്‍റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും." — 1 പത്രോസ് 4:13 (POC)
"ഞങ്ങളുടെ ഏക പ്രത്യാശയായ കുരിശേ വാഴുക" — Catholic Catechism (617) ഇന്ന് കുരിശ് മഹത്വത്തിന്റെ ചിഹ്നമാണെങ്കില്‍ അത് നമ്മുടെ ജീവിതത്തിലെ സഹനവഴികളില്‍ കരുത്തായി എന്നും നമുക്കൊപ്പമുണ്ടാകണം. നമ്മുടെ കൈയിലോ കഴുത്തിലോ രൂപക്കൂട്ടിലോ ഇരിക്കുന്ന കുരിശ് പ്രത്യാശയുടെ സന്ദേശമായി നമ്മെ പിന്തുടരട്ടെ. ഇന്നത്തെ കഷ്ടപ്പാടുകള്‍ നാളത്തെ ആനന്ദത്തിലേക്ക് നയിക്കുന്നതായിരിക്കട്ടെ. അതാണ് യഥാർത്ഥ ദുഖവെള്ളി — കഷ്ടതയുടെ വഴിയിലൂടെ പ്രത്യാശയുടെ വിജയത്തിലേക്കുള്ള ദൈവീക യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.