ന്യൂഡല്‍ഹി: കരസേനയുടെ പ്രശസ്തമായ ബൊഫോഴ്സ് പീരങ്കികള്‍ കളമൊഴിയാന്‍ പോകുന്നു. 2030 മുതല്‍ തദ്ദേശീയമായി വികസിപ്പിച്ച ധനുഷ് പീരങ്കികളും അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റവും (എടിഎജിഎസ്) ബൊഫോഴ്സിന് പകരമായി സേനയിലെത്തും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഉയര്‍ന്ന മലനിരകളില്‍ തമ്പടിച്ച പാക് സൈന്യത്തെയും ഭീകരവാദികളെയും തുരത്താന്‍ സൈന്യത്തെ വളരേയേറെ സഹായിച്ച ആയുധമായിരുന്നു ബൊഫോഴ്സ് പീരങ്കികള്‍.
കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിന് ശേഷം ബൊഫോഴ്സിനെ ഒഴിവാക്കുന്നത് അതിന്റെ കാലപ്പഴക്കം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ തുടര്‍ന്നാണ്. മാത്രമല്ല ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമല്ലാത്തതും തദ്ദേശീയമായ ആര്‍ട്ടിലറി ഗണ്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചതുമൊക്കെ ബൊഫോഴ്സിന് വിടനല്‍കാനുള്ള കാരണമായി.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ഏറെ സഹായിച്ചെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏറെനാള്‍ പിടിച്ചുകുലുക്കിയ പേരായിരുന്നു ബൊഫോഴ്സ്. ബൊഫോഴ്സ് പീരങ്കികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി വിവാദം അന്ന് രാജീവ് ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്ര സര്‍ക്കാരിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
1986 ലാണ് സ്വീഡിഷ് നിര്‍മിതമായ ബൊഫോഴ്സ് പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. 400 പീരങ്കികളാണ് അന്ന് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1437 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ ഈ ഇടപാടിനായി ബൊഫോഴ്‌സ് രാഷ്ട്രീയ നേതാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ഒരു സ്വീഡിഷ് റേഡിയോ രംഗത്തെത്തുകയായിരുന്നു. 64 കോടി രൂപയുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.