ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. അസ്വസ്ഥത ഉളവാക്കുന്ന സംഭവമെന്ന് ഡൊണാൾഡ് ട്രംപും തീവ്രവാദ ശക്തികളെ ചെറുക്കാൻ പൂർണ പിന്തുണയെന്ന് വ്ളാദിമിർ പുടിനും പ്രതികരിച്ചു. ഭീകരാക്രമണത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ അഗാധമായ ദുഖമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി സൗദി കിരീടാവകാശിയും രംഗത്തെത്തി.
"കശ്മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുന്നു. നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്കും പരിക്കേറ്റവരുടെ വീണ്ടെടുപ്പിനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി മോഡിക്കും ഇന്ത്യയിലെ അവിശ്വസനീയമായ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണയും അഗാധമായ സഹതാപവും ഉണ്ട്. ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്!" ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നതായി ജെ.ഡി വാൻസ് അറിയിച്ചു.
"പഹൽഗാം പട്ടണത്തിനടുത്ത് നടന്ന ഭീകരാക്രമണത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങളിൽ അഗാധമായ അനുശോചനം അറിയിക്കുന്നു. സംഭവം വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ ജീവൻ അപഹരിച്ചു. ഈ ക്രൂരമായ കുറ്റകൃത്യത്തിന് ഒരു ന്യായീകരണവുമില്ല. അതിന് ഉത്തരവാദികളായ മുഴുവൻ കുറ്റവാളികളും ഉചിതമായി ശിക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാത്തരം ഭീകരതയ്ക്കും പ്രകടനങ്ങൾക്കും എതിരായ പോരാട്ടത്തിൽ ഇന്ത്യൻ പങ്കാളികളുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സന്നദ്ധത ഞാൻ ആവർത്തിക്കുന്നു. മരിച്ചവരുടെ അടുത്തവർക്കും പ്രിയപ്പെട്ടവർക്കും ആത്മാർത്ഥമായ അനുശോചനവും പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു," ഇന്ത്യയിലെ റഷ്യൻ എംബസിയെ ഉദ്ധരിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയേയും ശാശ്വതമായി തള്ളിക്കളയുന്നതായും, ഇത്തരം ക്രിമിനൽ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും യുഎഇ അറിയിച്ചു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ താൻ അതീവ ദുഃഖിതനാണെന്നും ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എക്സിൽ കുറിച്ചു. "ഇന്ത്യയിൽ ഇന്ന് നടന്ന ഭീകരാക്രമണത്തിൽ അതിയായ ദുഖമുണ്ട്. ഇത് നിരവധി ജീവനുകളെടുക്കുന്നതിന് കാരണമായി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടും പരിക്കേറ്റവരോടും സർക്കാരിനോടും എല്ലാ ഇന്ത്യൻ ജനതയോടും ഇറ്റലി അതിന്റെ പിന്തുണ അറിയിക്കുന്നു," ജോർജിയ മെലോണി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.