ജമ്മു കാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇസ്രയേൽ, ഇറ്റലി പൗരന്മാരും

ജമ്മു കാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇസ്രയേൽ, ഇറ്റലി പൗരന്മാരും

2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേൽ, ഇറ്റലി എന്നി രാജ്യങ്ങളിലെ പൗരന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 12 പേരെ അനന്ത്നാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി. ദേശീയ അന്വേഷണ ഏജൻസി സംഘം നാളെ പഹൽഗാമിൽ എത്തിച്ചേരും.

സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. 'ദ് റെസിസ്റ്റന്റ് ഫ്രണ്ട്' എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. ഉടൻതന്നെ അദേഹം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർക്കും.

ജമ്മു കാശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

സമീപ വര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തേക്കാള്‍ വളരെ വലുതാണ് പഹല്‍ഗാമിലുണ്ടായതെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

വിനോദസഞ്ചാരികൾക്കുള്ള ഹെൽപ് ഡെസ്ക്: 956777669, 01932225870. വാട്സാപ്പ് നമ്പർ: 9419051940.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.