പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടും, കൃഷി നശിക്കും; സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടും, കൃഷി നശിക്കും; സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. പാക് പൗരന്‍മാര്‍ രാജ്യം വിടണമെന്നും ഇനി മുതല്‍ വിസ നല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ വാഗ-അട്ടാര്‍ അതിര്‍ത്തി അടച്ചു. പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ കമ്മിറ്റി യോഗത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചത്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതാണ് ഇക്കൂട്ടത്തിലെ സുപ്രധാന നടപടി. തീരുമാനം പാക്കിസ്ഥാനില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ കമ്മിറ്റി യോഗത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരാര്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യുദ്ധകാലത്ത് പോലും ഇത്തമൊരു തീരുമാനം ഇന്ത്യ കൈക്കൊണ്ടിരുന്നില്ല. സിന്ധു നദിയുടെ പോഷക നദികളായ ഝലം, ചിനാബ് നദികളില്‍ നിന്നുമാണ് കരാര്‍ പ്രകാരം 80 ശതമാനം വെള്ളം പാക്കിസ്ഥാന് ലഭിക്കുന്നത്.

പാക്കിസ്ഥാന്‍ തങ്ങളുടെ കൃഷിയാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനുമെല്ലാം സിന്ധു നദിയില്‍ നിന്നുള്ള വെള്ളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഏകദേശം 90 ശതമാനം കൃഷിക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കരാര്‍ അവസാനിപ്പിക്കുന്നത് ഗോതമ്പ്, അരി എന്നിവയുടെ കൃഷികളെ ബാധിക്കും. പാക്കിസ്ഥാന്റെ ജിഡിപിയുടെ 21 ശതമാനവും കൃഷിയില്‍ നിന്നുള്ള വരുമാനമാണെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത.

ജലസേചനത്തിനായി ഈ നദികളെ വളരെയധികം ആശ്രയിക്കുന്ന പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും തീരുമാനം വലിയ തിരിച്ചടിയാകും. ഇതിനോടകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന തിരച്ചടി ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും. കരാര്‍ മരവിപ്പിച്ചത് ഊര്‍ജ്ജ ഉല്‍പ്പാദനത്തെ തടസപ്പെടുത്തുകയും വൈദ്യുതി ക്ഷാമം വര്‍ധിപ്പിക്കുകയും ചെയ്യും. അത് ജലക്ഷാമം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തും. തൊഴിലില്ലായ്മ വര്‍ധിക്കാനും പണപ്പെരുപ്പം ഉയര്‍ത്താനും കാരണമാകും.
സിന്ധു ജല ഉടമ്പടി

1960 സെപ്റ്റംബര്‍ 19 നാണ് ഇന്ത്യയും പാക്കിസ്ഥാനും സിന്ധു ജല ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുന്നത്. ലോക ബാങ്കിന്റെ നേതൃത്വത്തില്‍ ഏകദേശം ഒന്‍പത് വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കരാര്‍. ഉടമ്പടി പ്രകാരം സിന്ധു നദിയുടെ പോഷക നദികളായ ബിയാസ്, രവി, സത്ലജ് എന്നിവിടങ്ങളില്‍ നിന്നുള്ള ജലം ഇന്ത്യയ്ക്കും ചെനാബ്, ഝലം സിന്ധു നദികളുടെ അവകാശം പാക്കിസ്ഥാനുമാണ്. കൃഷി, ഗാര്‍ഹിക ആവശ്യങ്ങള്‍, വൈദ്യുതി ഉല്‍പാദനം തുടങ്ങിയ പരിമിതമായ ആവശ്യങ്ങള്‍ക്ക് പടിഞ്ഞാറന്‍ നദികളെ ആശ്രയിക്കാനുള്ള അവകാശം കരാര്‍ പ്രകാരം ഇന്ത്യക്കുണ്ട്. യുദ്ധ സമയത്ത് പോലും കരാര്‍ ഇന്ത്യ നിര്‍ത്തലാക്കിയിട്ടില്ല. കരാര്‍ ഒപ്പിട്ട് 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് ഇന്ത്യ കടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.