ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാകിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞര്‍ ഇന്ത്യ വിടണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടാനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ട് വരുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഭീകരാക്രമണം നടത്തിയവരെ മാത്രമല്ല ഗൂഢാലോചന നടത്തിയവരേയും ഇന്ത്യ കണ്ടെത്തുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. തീവ്രവാദത്തിന് എതിരെ രാജ്യം ഒറ്റക്കെട്ടാണ്. തീവ്രവാദത്തോട് തരിമ്പ് പോലും സഹിഷ്ണുത കാണിക്കില്ല. ഈ ആക്രമണം നടത്തിയവരെ മാത്രമല്ല നമ്മുടെ മണ്ണില്‍ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്ത അണിയറയിലുളളവരെയും വെറുതെ വിടില്ല. ഉത്തരവാദികള്‍ക്ക് ഉചിതമായ മറുപടി തന്നെ വൈകാതെ നല്‍കും. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹിയില്‍ സംസാരിക്കവെ രാജ്‌നാഥ് സിങ് പറഞ്ഞു.
ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുളള ഭീരുത്വപരമായ ആക്രമണം ആണ് പഹല്‍ഗാമില്‍ നടന്നത് എന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യ എന്നത് അതിപുരാതനമായ സംസ്‌ക്കാരമുളള ഒരു രാജ്യമാണ്. ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ക്കൊണ്ടൊന്നും അത്തരമൊരു രാജ്യത്തെ ദുര്‍ബലപ്പെടുത്താനാകില്ലെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന തീവ്രവാദ ആക്രമണത്തില്‍ രണ്ട് വിദേശികള്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിലെ ബൈസരണ്‍ പുല്‍മേടുകളില്‍ വെച്ചാണ് ഒരു സംഘം വിനോദസഞ്ചാരികള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയാണ് തീവ്രവാദ ആക്രമണത്തിന് പിന്നില്‍. ആളുകളെ മതം ചോദിച്ചറിഞ്ഞ ശേഷമാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.