മോസ്കോ: ഈസ്റ്റർ ദിനത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഉക്രെയ്ൻ പ്രതികരിച്ചിട്ടില്ല.
ഇന്ന് ആറ് മണി മുതൽ ഈസ്റ്റർ ദിനത്തിൽ അർധരാത്രി വരെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്നാണ് പുടിൻ അറിയിച്ചത്. റഷ്യൻ സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. റഷ്യയുടെ മാതൃക ഉക്രെയ്ൻ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ പറഞ്ഞു. വെടിനിർത്തൽ സമയത്തെ ഉക്രെയ്നിന്റെ പ്രവർത്തനങ്ങൾ അതിന്റെ സമാധാന സന്നദ്ധത വെളിപ്പെടുത്തുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഉക്രെയ്നിന്റെ ഭാഗത്ത് നിന്ന് എതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ തയാറാണെന്നും പുടിൻ അറിയിച്ചു. മാനുഷിക ആവശ്യങ്ങൾക്കാണ് വെടിനിർത്തുന്നത്. റഷ്യൻ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം ടെലഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താമെന്ന് പുടിൻ സമ്മതിച്ചിരുന്നു. ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തുമെന്ന് പുടിൻ അറിയിച്ചത്. എന്നാൽ ഉക്രെയ്ൻ ഈ ധാരണ ലംഘിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.